ഒരു കലശത്തിലെ ചാരം അമ്മയുടെ കല്ലറയിൽ, ശേഷിക്കുന്നവ ഗംഗയിലും തിരുനെല്ലിയിലും നിമജ്ജനം; കെടാതൊരു വിളക്ക് ഓർമകൾക്ക് കാവൽ…
കൊച്ചി ∙ ‘ എന്റെ ശ്വാസമായിരുന്നു മക്കളേ….’– കനലായി ജ്വലിച്ചു ചിതയായെരിഞ്ഞ പി. ടി. തോമസിന്റെ ചിതാഭസ്മ കലശം വീടിന്റെ മുകൾ നിലയിൽ പി.ടിയുടെ ചിത്രത്തിനു മുന്നിൽ വയ്ക്കുമ്പോൾ ഭാര്യ ഉമ വിങ്ങിപ്പൊട്ടി. കെടാതൊരു വിളക്ക് ഓർമകൾക്ക് അപ്പോഴും കാവൽ. അമ്മയെ മക്കൾ ആശ്വസിപ്പിച്ചു. വിട്ടുപോകാത്ത ഓർമകൾ പൈപ് ലൈൻ റോഡിലെ വീട്ടിൽ ഇന്നലെയും നിറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, എ. കെ. ശശീന്ദ്രൻ, മുൻ ഡിജിപി ഋഷിരാജ് സിങ് തുടങ്ങിയവർ വീട്ടിലെത്തി ഉമയെയും മക്കളെയും ആശ്വസിപ്പിച്ചു. കോൺഗ്രസ് നേതാക്കളും സാധാരണ പ്രവർത്തകരും ഇന്നലെയും വീട്ടിലെത്തി. ബന്ധുക്കൾ തിരിച്ചു പോയിട്ടില്ല.
മക്കളായ വിഷ്ണുവും വിവേകും പി. ടിയുടെ അനുജൻ വർക്കിച്ചനും ഇന്നലെ രാവിലെ രവിപുരം ശ്മശാനത്തിലെത്തി ചിതാഭസ്മം ഏറ്റുവാങ്ങി. എൻ. വേണുഗോപാൽ, ടോണി ചമ്മണി,പി. ഡി. മാർട്ടിൻ, കൗൺസിലർമാരായ ജോസഫ് അലക്സ്, ആന്റണി പൈനുതറ , മാലിനി കുറുപ്പ് എന്നിവരും ഉണ്ടായിരുന്നു. ഒരു കലശത്തിലെ ചാരം പി.ടിയുടെ ആഗ്രഹമനുസരിച്ച് ഉപ്പുതോട് അമ്മയുടെ കല്ലറയിൽ ഇടും. ശേഷിക്കുന്നവ ഗംഗയിലും തിരുനെല്ലിയിലും നിമജ്ജനം ചെയ്യും. പി. ടി. യുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവർ, ആശുപതിയിൽ സന്ദർശിച്ചവർ , മണിക്കൂറുകളോളം ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നവർ തുടങ്ങി അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും പി.ടി തോമസിന്റെ ഭാര്യ ഉമ നന്ദി അറിയിച്ചു.