അയ്യപ്പഭക്തരുടെ വാഹനങ്ങൾ എത്തിത്തുടങ്ങികമ്പംമെട്ടിൽ വൻതിരക്ക്
നെടുങ്കണ്ടം : മണ്ഡല മകരവിളക്ക് ശബരിമല തീർഥാടനം സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു. കമ്പം-കുമളി റോഡിലൂടെയുള്ള യാത്രയിൽ തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി കമ്പംമെട്ടിലേക്ക് തീർഥാടകരുടെ വാഹനങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയത്.
കുമളി വഴി അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തിവിടുന്നത് പരിമിതപ്പെടുത്തിയതോടെ കമ്പംമെട്ട് ചെക്കുപോസ്റ്റിലൂടെ ഇടതടവില്ലാതെയാണ് വാഹനങ്ങൾ എത്തുന്നത്. തമിഴ്‌നാടിന് പുറമേ കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നു വാഹനങ്ങൾ കൂടുതലായി എത്തുന്നുണ്ട്. ശബരിമല സീസൺ പ്രമാണിച്ച് മോട്ടോർവാഹന വകുപ്പ് കമ്പംമെട്ടിൽ താത്കാലിക ആർ.ടി.ഒ.ചെക്ക്‌പോസ്റ്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട വരുമാനം സർക്കാരിന് ലഭിച്ചതായാണ് ആർ.ടി.ഒ.ചെക്ക്‌പോസ്റ്റിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ 14.57 ലക്ഷം രൂപ നികുതിയിനത്തിൽ ആർ.ടി.ഒ.ചെക്ക്‌പോസ്റ്റിൽനിന്ന് ലഭിച്ചു. മൂന്ന് എ.എം.വി.ഐ. അടക്കം ഏഴ് ജീവനക്കാരാണ് താത്കാലിക ചെക്ക്‌പോസ്റ്റിൽ ജോലിചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നു എത്തുന്ന തീർഥാടകർക്കായി വിശ്രമകേന്ദ്രവും, ശൗചാലയങ്ങളും കമ്പംമെട്ട് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ സൂചന ബോർഡുകളൊന്നും സ്ഥാപിക്കാത്തതിനാൽ ഇവിടേക്ക് ഭക്തർക്ക് എത്താനാവുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ കമ്പംമെട്ടിൽ അയ്യപ്പഭക്തർക്ക് ഇടത്താവളം നിർമിക്കുന്നതിനായി തുക നീക്കിവെച്ചിരുന്നു. എന്നാൽ പദ്ധതി ഇത്തവണ നടപ്പാക്കാനായിട്ടില്ല. അടുത്ത ശബരിമല തീർഥാടന കാലത്തിന് മുമ്പെങ്കിലും ഇടത്താവളം നിർമാണം പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.