സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ വിഭാഗീയത;പോലീസിനെതിരെ കടുത്ത വിമര്‍ശനം
ഇടുക്കി: സി.പി.എം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത മറ നീക്കി പുറത്തു വന്നു. സമവായ ചര്‍ച്ചകള്‍ പൊളിച്ച ഒരു വിഭാഗം നിലയുറപ്പിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നു. നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിലവിലെ സെക്രട്ടറിയായിരുന്ന ടി.എം ജോണ്‍ തുടരുമെന്നായിരുന്നു പ്രതീക്ഷ. ഇതിന് നേതൃത്വത്തിന്റെ പച്ചക്കൊടി ഉണ്ടായിരുന്നെങ്കിലും ഏരിയ കമ്മറ്റിയംഗമായ വി.സി അനിലിനെ ഒരു വിഭാഗം സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ വോട്ടെടുപ്പിലേക്ക് കടക്കുകയും പരസ്യ വോട്ടിങ്ങി ല്‍ ഏഴിനെതിരെ 12 വോട്ടുകള്‍ക്ക് വി.സി അനിലിനെ തെരഞ്ഞെടുക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒരു തവണ കൂടി സെക്രട്ടറിയായി തുടരാന്‍ കഴിയുമായിരുന്ന ടി.എം.ജോണ്‍ തന്നെ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഇത് അംഗീകരിക്കാതെ ഒരു വിഭാഗം നിലപാട് എടുക്കുകയായിരുന്നു. മത്സരം ഒഴിവാക്കാന്‍ ജില്ലാ നേതൃത്വം പല തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഏരിയ കമ്മറ്റിയിലേക്കുള്ള മത്സരം മാത്രമാണ് ഒഴിവാക്കാനായത്. നിലവിലെ സെക്രട്ടറി അവതരിപ്പിച്ച പാനലിന് അംഗീകാരം ലഭിച്ചെങ്കിലും സെക്രട്ടറി തെരഞ്ഞെടുപ്പ് മതസരത്തിലേക്ക് കടക്കുകയായിരുന്നു. നെടുങ്കണ്ടത്തെ സി.പി.എമ്മിനുള്ളില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഭാഗീയത ഉടലെടുത്തിരുന്നു. ജില്ലാ കമ്മറ്റിയംഗങ്ങളായ രണ്ട് നേതാക്കളാണ് ഓരോ വിഭാഗത്തിനും നേതൃത്വം കൊടുത്തിരുന്നത്. സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ മുഴുവന്‍ സമയവും മുന്‍ ഉടുമ്പന്‍ചോല എം.എല്‍.എ കൂടിയാജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ നിരീക്ഷകനായി തുടര്‍ന്നതെന്നും വിലയിരുത്തപ്പെടുന്നു.ഏരിയാ സമ്മേളനത്തില്‍ പോലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന പോലീസ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി ഘടകങ്ങളെ അവഗണിക്കുന്നത് നിത്യസംഭവമാകുകയാണെന്നും ആക്ഷേപം ഉയര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പ് മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി. നെടുങ്കണ്ടം പഞ്ചായത്ത് ഭരണത്തിനെതിരെയും കരുണാപുരം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടമായതിനെതിരെയും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഏരിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ ഓണക്കിറ്റുമായി ബന്ധപ്പെട്ട്
പാര്‍ട്ടി ഭരണം കൈയാളുന്ന സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ ഏലക്ക ഇടപാടുകളെ സംബന്ധിച്ച് മുഴുവന്‍ ലോക്കല്‍ കമ്മറ്റികളും വിമര്‍ശനം ഉന്നയിച്ചതായും സൂചനയുണ്ട്. വിഷയത്തില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും ആക്ഷേപം ഉയര്‍ന്നു. നേതാക്കള്‍ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും ചില നേതാക്കളുടെ ധാര്‍ഷ്ട്യവും, സ്വഭാവ ദൂഷ്യവും പാര്‍ട്ടി അനുഭാവികളില്‍ പോലും നേതൃത്വത്തിനോട് എതിര്‍പ്പിന് കാരണമായിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.