കട്ടപ്പന നഗരസഭയുടെ ഭരണ സമതി കെടുകാര്യസ്ഥതയുടെയും , ഗ്രൂപ്പുകളിയുടെയും കേളീരംഗമായി അധ: പതിച്ചെന്ന് കർഷക യൂണിയൻ (എം)
കട്ടപ്പന നഗരസഭയുടെ ഭരണ സമതി കെടുകാര്യസ്ഥതയുടെയും , ഗ്രൂപ്പുകളിയുടെയും കേളീരംഗമായി അധ: പതിച്ചെന്ന് കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര . ഏറെ പ്രതീക്ഷയോടെ കട്ടപ്പനയിലെ സാധാരണക്കാരായ കർഷകരും ജനങ്ങളും ചേർന്ന് തെരെഞ്ഞടുത്ത അധികാരത്തിൽ എത്തിച്ചവർ ജനങ്ങളെ വഞ്ചിച്ചു കൊണ്ട് ഭരണം നടത്തുന്നു.
കട്ടപ്പനയിലെ ട്രാഫിക്ക് നിയന്ത്രണം ഇത്രയും അധ:പതിച്ച ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. നഗരസഭയിലെ റോഡുകൾ തകർന്ന് ഏറെ ദയനീയ സ്ഥിതിയാണ്. കുടിവെള്ള പദ്ധതികൾ താറുമാറായി , വഴിവിളക്കുകൾ കത്തുന്നില്ല, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ വീടുകളിൽ എത്തി ശേഖരിക്കും എന്നത് പൊള്ളയായ വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുള്ള പകിട കളി എന്തെന്ന് മനസ്സിലാകുന്നില്ല. ചെയർ പേഴ്സണ് ഭരിക്കാൻ അറിയില്ലെങ്കിൽ രാജി വച്ച് വീട്ടിൽ ഇരിക്കണം.
ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടി നേതാക്കൻമാർ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. ഭരണ കാലാവധി 5 വർഷമാണെന്നിരിക്കെ ഭരിക്കുന്ന കക്ഷിയുടെ നേതാക്കാൻ മാരുടെ ഇഷ്ടക്കാരെ വാർഷാവർഷം മാറ്റിക്കൊണ്ട് തലപ്പത്തിരുത്തി ഭരിക്കുന്ന നെറികെട്ട രാഷ്ട്രീയം കട്ടപ്പനയിലെ രാക്ഷ്ട്രീയ ബോധമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള കർഷകരും സമാന ചിന്താഗതിക്കാരും പുച്ചിച്ചു തള്ളും. അതുകൊണ്ട് നഗരസഭയുടെ മട്ടുപ്പാവിലിരുന്ന് അധികാരത്തിന്റെ ശീതള ചായയിൽ മതിമറന്ന് ആനന്ദ നൃത്തം ചവിട്ടാനാണ് തീരുമാനമെങ്കിൽ കേരളാ കോൺഗ്രസ് (എം) പാർട്ടിയുമായി ചേർന്ന് സമാനതകളില്ലാത്ത – സന്ധിയില്ലാത്ത സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബിജു ഐക്കര മുന്നറിയിപ്പു നൽകി.