ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 50 ലക്ഷത്തോളം രൂപ ഓൺലൈൻ തട്ടിപ്പുകാർ;സൈബർ കുറ്റവാളികൾക്കു ചാകര
കോവിഡും ലോക്ഡൗണും മൂലം കൂടുതൽ പേർ ഓൺലൈൻ വഴിയുള്ള പണമിടപാടുകളിലേക്ക് തിരിഞ്ഞതോടെ സൈബർ കുറ്റവാളികൾക്കു ചാകര. 2018–19 വർഷത്തിൽ 71,500 കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ രാജ്യത്ത് നഷ്ടമായത്. എന്നാൽ 2020–21 ആയപ്പോൾ ഇത് 1.85 ലക്ഷം കോടി രൂപയായി ഉയർന്നു. ആർബിഐയുടെ കണക്ക് പ്രകാരമാണ് ഇത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത തട്ടിപ്പുകൾ ഇരട്ടിയിലധികം വരും. ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 50 ലക്ഷത്തോളം രൂപ ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടുപോയി എന്നാണ് അനൗദ്യോഗിക കണക്ക്.
മുതലെടുക്കുന്നത് അറിവില്ലായ്മ
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയിലുണ്ടായ ആയിരത്തോളം സൈബർ കുറ്റങ്ങളിൽ പത്തിൽ താഴെ കേസുകൾ മാത്രമാണ് തെളിയിക്കാനായത്. ‘കെവൈസി’ പൂരിപ്പിച്ചു നൽകാത്തതു മൂലം അക്കൗണ്ട് മരവിപ്പിച്ചെന്നും വിവരങ്ങൾ നൽകിയാൽ പുതുക്കാമെന്നും ലക്ഷങ്ങൾ ലോട്ടറി അടിച്ചെന്നുമൊക്കെ പലരീതിയിൽ തട്ടിപ്പുകാർ എത്താം.
പരിചയമില്ലാത്ത ലിങ്കുകൾ, അപ്രതീക്ഷിതമായി വൻ ഓഫറുകളുമായി എത്തുന്ന ലിങ്കുകൾ എന്നിവ ഒരിക്കലും തുറക്കരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഒടിപി ആർക്കും പങ്കുവയ്ക്കരുത്. ഇപ്പോൾ പ്രചാരത്തിലുള്ള യുപിഐ, കാർഡ് പണം കൈമാറ്റരീതികൾ വലിയ സുരക്ഷയിൽ ഒരുക്കിയിട്ടുള്ളതാണെങ്കിലും ഇവയെക്കുറിച്ചുള്ള അറിവില്ലായ്മ തട്ടിപ്പുകാർ മുതലാക്കുകയാണ്.
ഡിജിറ്റൽ ലോകത്തെ ത്രിമൂർത്തികൾ
എന്ത് കാരണം ഉണ്ടെങ്കിലും നമ്മൾ രണ്ടാമതൊരാൾക്ക് കൈമാറരുതെന്ന് ബാങ്കുകൾ ആവർത്തിച്ച് ഓർമിപ്പിക്കുന്ന 3 കാര്യങ്ങളാണ് എടിഎം ഒടിപി, സിവിവി നമ്പർ, യുപിഐ പിൻ. നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ എടിഎം കാർഡിൽ നിന്ന് ഓൺലൈനായി പണം എടുക്കണമെങ്കിൽ ഒടിപി, സിവിവി നമ്പർ എന്നിവ നിർബന്ധമാണ്. നമ്മുടെ കയ്യിൽ നിന്നല്ലാതെ ഇവ മറ്റൊരാൾക്ക് ലഭിക്കാൻ സാധ്യത വളരെ വിരളം.
അതുകൊണ്ട് തന്നെ അറിവില്ലായ്മ മുതലെടുത്ത് ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് ഫോൺ വിളിച്ച് ഇവ കൈക്കലാക്കാൻ തട്ടിപ്പുകാർ ശ്രമിക്കും. യുപിഐ അപ്പുകൾ വഴി പണം എടുക്കാനാണ് യുപിഐ പിൻ ഉപയോഗിക്കുന്നത്. ഇതും മറ്റാർക്കും കൈമാറാതെ ശ്രദ്ധിക്കണം. ചില ഓൺലൈൻ തട്ടിപ്പുകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
മണി റിക്വസ്റ്റ് ഫ്രോഡ്
യുപിഐ ആപ്പുകളായ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയിൽ പണം റിക്വസ്റ്റ് ചെയ്യുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. എന്നാൽ ഇത് നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും പണം ഇങ്ങോട്ട് ലഭിക്കാൻ യുപിഐ പിൻ അടിക്കണമെന്നും അവർ ആവശ്യപ്പെട്ടും. പിൻ അടിച്ചാൽ കാശ് പോയ വഴി കാണില്ല. ഓർക്കാം – ഒരിക്കലും യുപിഐ ആപ്പുകൾ വഴി പണം ഇങ്ങോട്ട് ലഭിക്കാൻ പിൻ നമ്പർ അടിക്കേണ്ട ആവശ്യം ഇല്ല!!
ക്യൂആർ കോഡ് ഫ്രോഡ്
ക്യൂ ആർ കോഡുകൾ അയച്ചുതന്ന് അവ സ്കാൻ ചെയ്യാൻ പറയുകയാണ് ഇത്തരം തട്ടിപ്പിൽ ചെയ്യുക. സ്കാൻ ചെയ്താൽ നേരെ പേയ്മെന്റ് പേജിലെത്തും. അവിടെയും നമ്മുടെ യുപിഐ പിൻ ആവശ്യപ്പെടും. ഒരിക്കലും പിൻ കൊടുക്കരുത്, ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ രണ്ട് തവണ സ്ക്രീനിലെ വിവരങ്ങൾ വായിച്ച് നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
ആൾ മാറാട്ടം
ഓൺലൈനിൽ സാധാരണയായ തട്ടിപ്പാണ് ആൾമാറാട്ടം. ബാങ്കിൽ നിന്നാണെന്നും കാർഡ് ബ്ലോക്ക് ആയെന്നും പറഞ്ഞ് വിളിച്ച് നമ്മുടെ കാർഡ് വിവരങ്ങൾ വാങ്ങിയെടുക്കുന്ന തട്ടിപ്പ് നേരത്തെയുണ്ട്. ബാങ്കിൽ നിന്നു വിളിച്ച് നിങ്ങളുടെ കാർഡ് വിവരങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് എല്ലാ ബാങ്കുകളും ആവർത്തിച്ച് പറയുന്നുണ്ട്. മറ്റൊന്ന് സോഷ്യൽമീഡിയ അക്കൗണ്ട് ക്ലോണിങ്ങാണ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ക്ലോൺ ചെയ്യുന്നതാണ് ഇത്. സംഭവം സിംപിളാണ്.
നമ്മുടെ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് സൈബർ ക്രിമിനലുകൾ പുതുതായി ഒരു അക്കൗണ്ട് തുടങ്ങും. നമ്മുടെ ഫെയ്സ്ബുക് ഫ്രൻഡ്സ് ലിസ്റ്റിലുള്ള ആളുകൾക്ക് ഈ അക്കൗണ്ടിൽ നിന്നു ഫ്രൻഡ്സ് റിക്വസ്റ്റ് പോകും. ഇതിനു ശേഷം മെസഞ്ചറിൽ അവരെ ബന്ധപ്പെടുകയും പെട്ടെന്ന് ഒരു അത്യാവശ്യം വന്നെന്നും പണം വേണമെന്നുമൊക്കെ പറഞ്ഞ് സന്ദേശം അയയ്ക്കുകയും ചെയ്യും. പണമയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളോ സന്ദേശത്തിലുണ്ടാകും.
പലരും ഒന്നും ചിന്തിക്കാതെ പണം അയയ്ക്കുന്നതോടെ തട്ടിപ്പു പൂർണമാകും. പണമാവശ്യപ്പെട്ട് ആരെങ്കിലും ഫെയ്സ്ബുക് മെസഞ്ചറിൽ സന്ദേശം അയച്ചാൽ ഉടനടി കൊടുക്കരുത്. അവരെ ഫോണിൽ വിളിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ നമ്പർ കൊടുത്ത് വിളിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുക. വിഡിയോ കോളിൽ വരാനും ആവശ്യപ്പെടാം.
ഇത്തരത്തിൽ സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം പണം കൈമാറുക. ഫെയ്സ്ബുക് അക്കൗണ്ട് ലോക്ക് ആക്കി സുഹൃത്തുക്കൾക്കു മാത്രം വിവരങ്ങൾ കാണാവുന്ന രീതിയിൽ വയ്ക്കുക. അജ്ഞാതരിൽ നിന്നുള്ള ഫെയ്സ്ബുക് സൗഹൃദ റിക്വസ്റ്റുകൾ ശ്രദ്ധിച്ചു മാത്രം അക്‌സെപ്റ്റ് ചെയ്യുക. ഫ്രണ്ട്സ്‍ലിസ്റ്റ് സ്വകാര്യമാക്കി വയ്ക്കുക എന്നിവ ഫെയ്സ്ബുക് ക്ലോണിങ് തടയാനുള്ള വഴികളാണ്.
ഡ്യൂപ്ലിക്കറ്റ് സിം ഫ്രോഡ്
മൊബൈൽ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ച് നമ്മുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റ് എടുക്കലാണ് തട്ടിപ്പുകാരുടെ പരിപാടി. നമ്മളെ വിളിച്ച് ഒരു മെസേജ് ഫോർവേഡ് ചെയ്യാൻ പറയും. ഇത് ഡ്യൂപ്ലിക്കറ്റ് സിമ്മിനുള്ള ആപ്ലിക്കേഷൻ ആണ്. ഇങ്ങനെ ഡ്യൂപ്ലിക്കറ്റ് സിം ലഭിച്ചാൽ അതുവഴി നമ്മൾക്ക് വരുന്ന ഒടിപി തട്ടിയെടുത്ത് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ് ലക്ഷ്യം.
വ്യാജ കച്ചവടക്കാർ
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇലട്രോണിക്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽപനയ്ക്ക് എന്നു പറഞ്ഞ് വരുന്ന പരസ്യങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? ഇതിൽ ഭൂരിഭാഗവും തട്ടിപ്പ് ആയിരിക്കും. ഒറിജിനൽ സാധനങ്ങളേക്കാൾ വലിയ വിലക്കുറവിൽ ആയിരിക്കും വിൽപന. നിങ്ങളുടെ കാർഡ് വിവരങ്ങൾ തട്ടിയെടുക്കാനോ, അല്ലെങ്കിൽ ഡ്യൂപ്ലിക്കറ്റ് സാധനങ്ങൾ വിൽക്കാനേ ആണ് ഇത്തരം തട്ടിപ്പുകാരുടെ ലക്ഷ്യം.
ഓർത്തിരിക്കാം പഞ്ചതത്വങ്ങൾ
1. പണം ഇങ്ങോട്ട് ലഭിക്കാൻ ഒരിക്കലും യുപിഐ പിൻ അടിക്കരുത്
2. എടിഎം കാർഡ് നമ്പർ, സിവിവി, ഒടിപി എന്നിവ കൈമാറരുത്
3. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നു വരുന്ന ലിങ്കുകൾ തുറക്കരുത്
4. ക്യൂആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം ഇടപാടുകൾ നടത്തുമ്പോൾ വിവരങ്ങൾ രണ്ട് തവണ പരിശോധിച്ച് ഉറപ്പു വരുത്തുക
5. സോഷ്യൽ മീഡിയയിൽ കാണുന്ന ഔദ്യോഗികമല്ലാത്ത സൈറ്റുകളിൽ നിന്ന് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങരുത്