ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് സ്ഥാനത്തേക്ക് മുട്ടം പോലീസ് സ്റ്റേഷൻ
ഇടുക്കി ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ആകാനൊരുങ്ങി മുട്ടം പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽ നിന്നും പൊതു ജനങ്ങൾക്ക് ലലിക്കുന്ന ഏറ്റവും മികച്ച സേവനങ്ങൾ മുൻനിർത്തിയാണ് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ.
ഫലപ്രദമായ രീതിയിൽ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളും കുറ്റാന്വേഷണവും നടത്തി ക്രമസമാധാന പാലനത്തിലൂടെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തലാണ് ഇതിൽ ഏറ്റവും പ്രധാനം.
മികച്ച സേവനം നൽകുന്നതിനായി നിരവധി സൗകര്യങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സേനാംഗങ്ങൾക്കായി ഏറ്റവും പുതിയ ആയുധങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം, പോലീസ് സ്റ്റേഷനിലും കോമ്പൗണ്ടിലും നടപ്പാക്കിയിട്ടുള്ള ഗ്രീൻ പ്രോട്ടോകോൾ സംവിധാനം, പൊതുജന സൗഹൃദ സ്റ്റേഷൻ പരിസരം, സുരക്ഷാ ഉപകരണങ്ങൾ, മികച്ച ശുചീകരണ സംവിധാനങ്ങൾ, സ്റ്റേഷനിലെ വിവിധ റെക്കോർഡുകളുടെ സംരക്ഷണം, പൊതുജനങ്ങളുടെ പരാതികൾക്ക് ഏറ്റവും നല്ല രീതിയിലും കാലതാമസം കൂടാതെയും ഉള്ള പരിഹാരം, സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ പാർക്കിംഗ് ഏരിയ, വായനാ സൗകര്യം, ആഴ്ചതോറും സ്കൂൾ – കോളേജുകൾ എന്നിവിടങ്ങളിൽ നടത്തുന്ന വിദ്യാർഥികളും പോലീസും തമ്മിലുള്ള ആശയ വിനിമയം, മുട്ടം ടൗണിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കോടതി ജംഗ്ഷൻ മുതലായ സ്ഥലങ്ങളിലുള്ള പോലീസിൻ്റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, കുട്ടികൾക്കായി സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള കളിസ്ഥലം, പോലീസ് ഉദ്യോഗസ്ഥരുടെ റിഫ്രഷ്മെൻ്റ് ഏരിയ, സ്റ്റേഷൻ കോമ്പൗണ്ടിലെ ഔഷധ സസ്യ തോട്ടം, കളർ കോഡ് പ്രകാരം ക്രമീകരിച്ചിട്ടുള്ള ഫയൽ റൂം, സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തൊണ്ടിമുതലുകളിലും വാഹനങ്ങളിലും ക്യു.ആർ കോഡ് പതിപ്പിച്ച് ക്രമീകരിക്കൽ, ടാക്സി ഡ്രൈവേഴ്സിനും മറ്റും ബോധവൽക്കരണ ക്ലാസുകൾ, നിരന്തര ഗൃഹസന്ദർശനം നടത്തുന്ന ജനമൈത്രി പോലീസ് സംവിധാനം, ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ വകുപ്പുമായി ചേർന്ന് ഷാർപ്പ് പദ്ധതിയിൽപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർക്ക് ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങളാണ് സ്റ്റേഷനിൽ നടപ്പാക്കിയിരിക്കുന്നത്.
തൊടുപുഴ ഡിവൈ.എസ്.പി. സദൻ.കെ., മുട്ടം ഇൻസ്പെക്ടർ വി.എസ്. ശിവകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.