സ്റ്റേജ് കലാകാരന്മാരുടെയും മൈക്ക് ഓപ്പറേറ്റർമാരുടെയും ദുരിതത്തിന് അറുതിയില്ല;സ്റ്റേജ് പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകാത്തതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്
തൊടുപുഴ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചിട്ടും ഒന്നര വർഷത്തിലേറെയായി പ്രതിസന്ധിയിൽ കഴിയുന്ന സ്റ്റേജ് കലാകാരന്മാരുടെയും മൈക്ക് ഓപ്പറേറ്റർമാരുടെയും ദുരിതത്തിന് അറുതിയില്ല. മറ്റെല്ലാ മേഖലകളിലും സർക്കാർ ഇളവുകൾ നൽകിയിട്ടും സ്റ്റേജ് പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകാത്തതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ മൈക്ക് അനുമതി നൽകേണ്ടെന്ന് കോവിഡ് രൂക്ഷമായ സമയത്ത് എല്ലാ പൊലീസ് അധികാരികൾക്കും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് നിർദേശം നൽകിയതാണ്. ഇത് ഇതേവരെ തിരുത്തി ഉത്തരവ് നൽകിയിട്ടില്ല. അതിനാൽ സ്റ്റേജ് പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി കൊടുക്കുന്നില്ല.
ഇപ്പോൾ സ്കൂളുകളും കോളജുകളും തിയറ്ററുകളും ഉൾപ്പെടെ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും മൈക്ക് ഉപയോഗിക്കാൻ കഴിയാത്തതിനാൽ സ്റ്റേജ് പരിപാടികൾ നടത്താൻ കഴിയുന്നില്ല. ഇത് നാടകം, ഗാനമേള, നൃത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റേജ് കലാകാരന്മാരെയും അതിന്റെ അണിയറ പ്രവർത്തകരെയും കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്. മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഈ മേഖലയിലുള്ളവരും പ്രതിസന്ധിയിലാണ്.
അതേ സമയം രാഷ്ട്രീയ പാർട്ടികൾ അനുമതി ഇല്ലാതെ തന്നെ മൈക്ക് ഉപയോഗിക്കുന്നുമുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ ഈ മാസം തൊടുപുഴയിൽ പൊതു സമ്മേളനവും നാടകവും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ക്ഷേത്രങ്ങളിലും പള്ളികളിലും സ്റ്റേജിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നുമില്ല. ക്ഷേത്ര ഉത്സവങ്ങൾക്ക് നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കാനും മൈക്ക് ഇല്ലാത്തതിനാൽ കഴിയാത്ത സ്ഥിതിയാണ്. നിയന്ത്രിതമായ നിലയിലെങ്കിലും മൈക്ക് ഉപയോഗിച്ച് കലാപരിപാടികളും മറ്റും നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം.