മുല്ലപ്പെരിയാർ കേസ് മാറ്റി; 22 ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: ഇന്ന് പരിഗണിക്കാനിരുന്ന മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി മാറ്റി വച്ചു. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് ഹർജി മാറ്റിയത്.
ഈ മാസം 22 ന് വീണ്ടും ഹർജി പരിഗണിക്കും. അതുവരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവ് തുടരും. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. അതേസമയം, പുതിയ അണക്കെട്ടെന്ന നിലപാടിൽ കേരളം ഉറച്ചു നിൽക്കുകയാണ്.
മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. തമിഴ്നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തമിഴ്‌നാട് സത്യവാങ്മൂലം സമർപ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്‌നാടിന്റെ മറുപടിയിലുള്ളത്.