കാത്തിരുപ്പിനും ആശങ്കകൾക്കും വിരാമം; ‘മരക്കാർ’ തിയറ്ററിൽ തന്നെ; ഡിസംബർ 2ന് റിലീസ്
പ്രേക്ഷകരുടെ ആശങ്കകൾക്കു വിരാമമിട്ട് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം അറിയിച്ചത്. തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ചിത്രം ഒടിടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ‘മരക്കാർ’ തിയറ്ററുകളിലേക്ക് എത്തുന്നത്. ഇക്കാര്യത്തിൽ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാൻ പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.
തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാവും. ദീലിപിന്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകൾ പോകരുത്, ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്. ഇനി വരുന്ന പ്രധാന സിനിമകൾ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാമെന്ന് നിർമാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
മോഹൻലാലും ചിത്രത്തിന്റെ സഹ നിർമാതാക്കളും കഴിഞ്ഞ ദിവസം ‘മരക്കാർ’ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് പറഞ്ഞതും.തിയറ്റർ റിലീസിനു ശേഷമാകും ചിത്രം ഒടിടിയിൽ പുറത്തിറങ്ങുക. സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നൽകുന്നത്. വിജയ് ചിത്രം ‘മാസ്റ്റർ’ തിയറ്ററിൽ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ ‘മരക്കാറു’മായുള്ള പ്രൈമിന്റെ കരാർ എങ്ങനെയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 3 ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നത് മലയാളി പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2018 ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മൂന്നു വർഷത്തിനു ശേഷം ചിത്രം പ്രേക്ഷകരിലേക്കെത്താൻ തയാറെടുക്കുമ്പോൾ അത് തിയറ്ററിൽ തന്നെയാകണേ എന്നായിരുന്നു എല്ലാവരുടെയും പ്രാർഥന.