ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി സമഗ്ര സംഭാവനയ്ക്ക്

ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2023-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് സമ്മാനിക്കും. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം വാർത്താ വിനിമയ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.
മോഹൻലാലിന്റെറെ സിനിമാ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് കേന്ദ്രസർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ഈ ഇതിഹാസ താരത്തെ ആദരിക്കുന്നത്.
അതുല്യമായ പ്രതിഭയും വൈവിധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം രചിച്ചിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബർ 23-ന് നടക്കുന്ന 71-ാ മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നതോടെ മോഹൻലാൽ മലയാള സിനിമയുടെ യശസ്സ് വീണ്ടും ഉയർത്തുകയാണ്.









































































