നാട്ടുവാര്‍ത്തകള്‍
കഴിഞ്ഞ ആഴ്ച വരെ 10 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് വില ഇപ്പോൾ 40 മുതൽ 50 വരെ
മറയൂർ ∙ തമിഴ്‌നാട്ടിൽ തക്കാളി വില കൂടി, അഞ്ചുനാട്ടിൽ കർഷകർക്ക് ആശ്വാസം. കഴിഞ്ഞ ആഴ്ച വരെ 10 രൂപയ്ക്ക് വിറ്റുവന്ന ഒരു കിലോ തക്കാളി വില ഇപ്പോൾ 40 മുതൽ 50 രൂപയാണ്.ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കർഷകർ പറയുന്നു. കഴിഞ്ഞയാഴ്ച വരെ 15 കിലോ തക്കാളി ബോക്‌സിന് 100 മുതൽ 150 രൂപയായിരുന്നു. ഇപ്പോൾ ബോക്‌സിന് 450 മുതൽ 600 രൂപ വരെ ലഭിക്കുന്നുണ്ട്.
വർഷം മുഴുവനും തക്കാളിയുടെ വിളവ് ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം നശിച്ചു പോകുന്നതും നല്ല വിളവ് ലഭിക്കുമ്പോൾ വില ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കിയിരുന്നു. വില ലഭിക്കാതെ റോഡരികിൽ ഉപേക്ഷിച്ച സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ ചാറ്റൽ മഴ ലഭിക്കുന്നതും വിളവ് കുറഞ്ഞ് വില കൂടി നിൽക്കുന്നതിനാൽ കർഷകർക്ക് ആശ്വാസമായി.