ഐപിഎൽ 4–ാം സ്ഥാനം; നെറ്റ് റൺറേറ്റിൽ പ്രതീക്ഷവച്ച് നെഞ്ചിടിപ്പോടെ 4 ടീമുകൾ!
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറയുംപോലെ ഈ സീസൺ ഐപിഎലിൽ പ്ലേഓഫ് യോഗ്യതയ്ക്കായി കാത്തിരിക്കുന്ന ടീമുകളുടെ ഹൃദയസ്പന്ദനവും ഇപ്പോൾ കണക്കിലാണ്. ഇതിനകം ചെന്നൈയും ബാംഗ്ലൂരും ഡൽഹിയും പ്ലേഓഫ് ഉറപ്പിച്ചു. ഹൈദരാബാദ് പുറത്തായി. പ്ലേഓഫ് റൗണ്ടിലേക്കു 4–ാം ടീമായി ഇടംപിടിക്കാൻ കാത്തിരിക്കുന്ന കൊൽക്കത്തയ്ക്കും മുംബൈയ്ക്കും രാജസ്ഥാനും പഞ്ചാബിനും ഇനി ഒരേയൊരു മത്സരം വീതം മാത്രം. തങ്ങളുടെ ജയവും മറ്റു ടീമുകളുടെ തോൽവിയും മാത്രമല്ല, നെറ്റ് റൺറേറ്റ് എന്ന ഭാഗ്യം കൂടി കനിഞ്ഞാൽ മാത്രമേ 4 ടീമുകളുടെയും സ്വപ്നങ്ങൾ സഫലമാകൂ.
നെറ്റ് റൺറേറ്റ് എങ്ങനെ?
ഒരു ഐപിഎൽ ടീം മറ്റു ടീമുകൾക്കെതിരെ നേടുന്ന ശരാശരി റൺസിൽനിന്ന് (റൺറേറ്റ്) ഈ ടീമിനെതിരെ മറ്റു ടീമുകൾ ആകെ നേടുന്ന ശരാശരി റൺസ് കുറയ്ക്കുന്നതാണ് നെറ്റ് റൺറേറ്റ്. സീസണിൽ ഇതുവരെ മറ്റു ടീമുകൾക്കെതിരെ ആകെ 245.5 ഓവറിൽ നിന്ന് 1882 റൺസാണ് മുംബൈ നേടിയത്. ശരാശരി റൺറേറ്റ് 7.66. എന്നാൽ മറ്റു ടീമുകൾ മുംബൈയ്ക്കെതിരെ 251.1 ഓവറിൽ 1935 റൺസ് നേടി (ശരാശരി റൺറേറ്റ് 7.70). ഇവ തമ്മിലുള്ള വ്യത്യാസമായ –0.048 ആണ് മുംബൈയുടെ നിലവിലെ നെറ്റ് റൺറേറ്റ്. ടീമുകൾ ഇടയ്ക്ക് ഔൾഔട്ടായാൽ 20 ഓവർ ബാറ്റ് ചെയ്തതായി കണക്കാക്കി റൺറേറ്റ് നിശ്ചയിക്കും.
ടീമുകളുടെ സാധ്യത
∙ കൊൽക്കത്ത
(നെറ്റ് റൺറേറ്റ് +0.294)
നെറ്റ് റൺറേറ്റിൽ വളരെ മുന്നിലുള്ള കൊൽക്കത്ത രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാൽ 14 പോയിന്റുമായി പ്ലേഓഫ് യോഗ്യത നേടും. കൊൽക്കത്തയും മുംബൈയും അവസാന മത്സരത്തിൽ തോറ്റാൽ നെറ്റ് റൺറേറ്റ് പ്ലേഓഫ് ടീമിനെ നിശ്ചയിക്കും.
∙ മുംബൈ (–0.048)
അവസാന മത്സരത്തിൽ ഹൈദരാബാദിനെ തോൽപിക്കുകയും കൊൽക്കത്ത രാജസ്ഥാനോട് തോൽക്കുകയും ചെയ്താൽ മുംബൈ 14 പോയിന്റുമായി പ്ലേഓഫിൽ. കൊൽക്കത്ത അവസാന മത്സരം ജയിച്ചാൽ മുംബൈയ്ക്കു വലിയ മാർജിനിലുള്ള ജയം അനിവാര്യം.
∙ രാജസ്ഥാൻ (–0.737)
അവസാന മത്സരത്തിൽ കൂറ്റൻ മാർജിനിൽ കൊൽക്കത്തയെ തോൽപിക്കുകയും മുംബൈ ഹൈദരാബാദിനോട് വലിയ മാർജിനിൽ തോൽക്കുകയും വേണം. പഞ്ചാബ് ചെന്നൈയോടും തോൽക്കണം.
∙ പഞ്ചാബ് (–0.241)
പഞ്ചാബ് ചെന്നൈയെ തോൽപിക്കുകയും കൊൽക്കത്ത, മുംബൈ ടീമുകൾ തോൽക്കുകയും ചെയ്താൽ 4 ടീമുകൾക്കും 12 പോയിന്റ് വീതം. നെറ്റ് റൺറേറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ പ്ലേഓഫ് തീരുമാനിക്കും.
English Summary: Net runrate may decide IPL fourth sport