തേക്കടിബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മയ്ക്ക് 12 വയസ്
അധികൃതരുടെ അനാസ്ഥയിലും ലാഭക്കൊതിയിലും തേക്കടി തടാകത്തിലെ നിലയില്ലാ കയത്തിലേക്ക് ആഴ്ന്നുപോയി ജീവന്‍ നഷ്ടപ്പെട്ടത് 45 പേര്‍ക്കാണ്.
2009 സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 5.05 നാണ് ദുരന്തമുണ്ടായത്. കെ.ടി.ഡി.സി പുതുതായി തടാകത്തിലിറക്കിയ ‘ജലകന്യക’യെന്ന ഇരുനില ബോട്ട് വിനോദസഞ്ചാരികളുമായി തടാകത്തില്‍ സവാരി നടത്തുന്നതിനിടെ മണക്കവലയില്‍ മറിയുകയായിരുന്നു.
കുമളി: തേക്കടി ബോട്ട് ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 12 വര്‍ഷം തികയുന്നു. 2009 സപ്തംബര്‍ 30നാണ് രാജ്യത്തെ നടുക്കി 45 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തം ഉണ്ടായത്. സഞ്ചാരികളെ വശീകരിക്കുന്ന സൗന്ദര്യം ഇന്നും തേക്കടിക്കുണ്ട് ഒപ്പം നടുക്കുന്ന ഓര്‍മ്മയും. ജലകന്യക എന്ന ബോട്ട് സര്‍വീസ് ആരംഭിച്ച് 45ാം ദിവസത്തില്‍ കവര്‍ന്നെടുത്ത 45 ജീവനുകള്‍. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 95 പേരാണ് യാത്രയ്ക്കുണ്ടായിരുന്നത്.
നാടും നാട്ടാരും കൈയും മെയ്യും മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നിരവധി വിനോദ സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും 45 പേര്‍ മരിച്ചു.
ദുരന്തം സംബന്ധിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇതിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി. വല്‍സന്‍െറ നേതൃത്വത്തില്‍ അന്വേഷണത്തിന്‍െറ ആദ്യഘട്ടം വേഗമേറിയതായിരുന്നു. ബോട്ടിലെ ജീവനക്കാര്‍, ബോട്ട് നിര്‍മാണക്കമ്പനി ഉടമ, ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ പലരെയും അറസ്റ്റ് ചെയ്ത് അന്വേഷണം മുന്നേറിയെങ്കിലും ബോട്ട് വാങ്ങാന്‍ തീരുമാനിച്ചതും കരാറും സംബന്ധിച്ച കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി കേസന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായി നടന്ന ജുഡീഷ്യല്‍ അന്വേഷണം റിട്ട. സെഷന്‍സ് ജഡ്ജി പി. മൊയ്തീന്‍ കുഞ്ഞ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാറിന്സ മര്‍പ്പിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല.
ജലസ്ഥിരതയില്ലാത്ത രൂപകല്‍പ്പനയാണ് ജലകന്യകയെ വന്‍ ദുരന്തത്തിനിടയാക്കിയതെന്ന് കൊച്ചിന്‍ ‘കുസാറ്റി’ലെ സാങ്കേതിക വിഭാഗവും മറ്റ് സാങ്കേതിക വിദഗ്ധരും കണ്ടെത്തിയിരുന്നു. ഇരുനില ബോട്ടുകള്‍ ഒരിക്കല്‍ പോലും നിര്‍മിച്ചിട്ടില്ലാത്ത ചെന്നൈയിലെ കമ്പനിക്ക് കമീഷന്‍ തുക നോക്കി കരാര്‍ നല്‍കിയ ഉന്നതര്‍, അന്വേഷണം നിലച്ചതോടെ രക്ഷപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ മറ്റ് നിയമ നടപടികളുമായി രംഗത്ത് വരാതിരുന്നതും തേക്കടി ബോട്ട് ദുരന്തം സംസ്ഥാനത്തെ മറ്റ് ദുരന്തങ്ങളെപ്പോലെ വിസ്മൃതിയുടെ ആഴക്കയങ്ങളിലേക്ക് താഴ്ന്നുപോകാനിടയാക്കി…