കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് മരിയൻ തീർത്ഥാടനം

കുടിയേറ്റ ജനത വിശ്വാസത്തിന്റെ സൂക്ഷിപ്പുകാർ: മാർ റാഫേൽ തട്ടിൽ
വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപയാ മരിയൻ തീർത്ഥാടനം നടത്തപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമായി മാറി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീർത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി
തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങൾ പ്രാർത്ഥനാപൂർവ്വം കാൽനടയായി തീർത്ഥാടനത്തിൽ ആണിനിരന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് തട്ടിൽ മെത്രാപ്പോലീത്ത കാൽനടതീർത്ഥാടനത്തിൽ പങ്കെടുത്തു.
തീർത്ഥാടനം രാജകുമാരി ദൈവാലയത്തിൽ എത്തിച്ചേർന്നപ്പോൾ വിശുദ്ധ കുർബാനയ്ക്ക് മാർറാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. കുടിയേറ്റ ജനതയുടെ കരുത്തുള്ള വിശ്വാസത്തിൽ പടുത്തുയർത്തപ്പെട്ട നാടാണ് ഇടുക്കി എന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ കാലത്തെ കഷ്ടതകളുടെ നാളുകളിൽ ജീവിതത്തോട് ചേർത്ത് പിടിച്ച വിശ്വാസമാണ് ഈ നാടിനെ നാം ഇന്ന് അനുഭവിക്കുന്ന വിധത്തിലേക്ക് എത്തിച്ചത്. പഴമക്കാരുടെ ജീവിത സുകൃതങ്ങളെയും വിശ്വാസബോധങ്ങളെയും നാം നന്ദിയോടെ അനുസ്മരിക്കണം. മലയോര പ്രദേശത്ത് നടത്തുന്ന ഈ സുദീർഘമായ തീർഥാടനം പഴമക്കാർ പകർന്നു നൽകിയ കരുത്തുള്ള വിശ്വാസത്തിന്റെ പരസ്യമായ പ്രകടനം ആണെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടനം കടന്നുപോയ വഴികളിലെല്ലാം നൂറുകണക്കിനാളുകൾ സ്വീകരണം നൽകി. ജാതി മത ഭേദമെന്യേ ആളുകൾ തീർത്ഥാടനത്തെ വരവേറ്റു. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ.അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ,ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോസഫ് മാതാളികുന്നേൽ, ശ്രീ. ജോർജ് കോയിക്കൽ , ശ്രീ. സാം സണ്ണി, ശ്രീ. സെസിൽ ജോസ് എന്നവർ നേതൃത്വം നൽകി.
മാർ ജോൺ നെല്ലിക്കുന്നേൽ നടന്നത് 40 കിലോമീറ്റർ
നാലാമത് ഇടുക്കി രൂപതാ മരിയൻ തീർത്ഥാടനം പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായി. ഈ വർഷം തീർത്ഥാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. വെള്ളിയാഴ്ച അടിമാലി സെന്റ്. ജൂഡ് ഫൊറോനാ തീർത്ഥാടന ദൈവാലത്തിൽ നിന്നും ആരംഭിച്ച പദയാത്ര ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി രാജാക്കാട് എത്തി ചേർന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച തീർത്ഥാടനം 30 കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച പുലർച്ചേ 12.30 ന് രാജാക്കാട് എത്തി. നൂറുകണക്കിന് ആളുകൾ തീർത്ഥാടനത്തിൽ പങ്കെടുത്തു. തുടർന്ന് രാവിലെ 9.30 മണിക്ക് ആയിരങ്ങൾ പങ്കെടുത്ത തീർത്ഥാടനം 10 കിലോമീറ്റർ പിന്നിട്ട് ഉച്ചക്ക് ഒരു മണിക്ക് രാജകുമാരിയിൽ എത്തി. തീർത്ഥാടനത്തിൽ മുഴുവൻ സമയവും രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കാൽനടയായി തീർത്ഥാടനത്തിന് നേത്യത്വം നൽകി. നൂറുകണക്കിനാളുകളാണ് രൂപതാദ്ധ്യക്ഷനോടൊപ്പം തീർത്ഥാടനത്തിൽ പങ്കാളികളായത്
ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ച് വലിയ ഇടയൻ
അഞ്ചാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിൽ മാർ മാത്യു ആനക്കുഴികാട്ടിൽ പിതാവിനെ സീറോ മലബാർ സഭയുടെ തലവനായ മാർ റാഫേൽ തട്ടിൽ വൈകാരികമായി അനുസ്മരിച്ചു. ഹൈറേഞ്ച് പ്രദേശം കുടിയേറ്റത്തിന്റെ നാടാണ്. ഇല്ലായ്മയിൽ നിന്നും ജീവിതത്തെ പടുത്തുയർത്തിയ കഥയാണ് ഈ മലയോര പ്രദേശത്തെ ജനതയ്ക്ക് പറയാനുള്ളത്. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത ആരംഭിച്ചപ്പോൾ ഈ രൂപതയ്ക്കും പറയാനുണ്ടായിരുന്നത് പരാധീനതകളുടെ കഥകളാണ്. യൗവനത്തിലേക്ക് കാലൂന്നിയ ഈ രൂപതയെ നാം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർത്തുവാൻ വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ് രൂപതയുടെ പ്രഥമ മെത്രാനായ മർ മാത്യു ആനക്കുഴിക്കാട്ടിൽ. ഇവിടുത്തെ സാധാരണക്കാരന്റെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഇവിടുത്തെ കുടുംബങ്ങളെ ഭദ്രമാക്കാൻ അദ്ദേഹത്തിന് സാധ്യമായ പ്രവർത്തനങ്ങൾ എല്ലാം നിർവഹിച്ചിട്ടുണ്ട്. അതുപോലെതന്നെ പൂർവികരായ പഴയ തലമുറയുടെ കഠിനാധ്വാനവും നിസ്വാർത്ഥമായ ശുശ്രൂഷകളുമാണ് ഈ നാടിനെ വളർച്ചയുടെ കുതിപ്പിലേക്ക് കൈപിടിച്ചുയർത്തിയത്. മാർ മാത്യു ആനക്കുഴിക്കാട്ടിൽ പിതാവിന്റെയും പൂർവികരായ പഴയ തലമുറയുടെയും ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ സീറോ മലബാർ സഭയുടെ പ്രണാമം അർപ്പിക്കുന്നുവെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു









































































