ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ‘കവിതാരാമം’ എന്ന പേരിൽ ആദരവ് നൽകുന്നു

ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ‘കവിതാരാമം’ എന്ന പേരിൽ ആദരവ് നൽകുന്നു.
ജൂലൈ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കട്ടപ്പന ഏദൻ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എഴുത്തുകാരൻ എന്നതിലുപരി മികച്ച സംഘാടകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, സാംസ്കാരിക-രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി നിരന്തരം ഇടപെടുന്ന വ്യക്തിത്വമാണ് കെ. ആർ. രാമചന്ദ്രൻ. അദ്ദേഹത്തിന്റെ കവിതാവഴികളെയും സാംസ്കാരിക സംഭാവനകളെയും മുൻനിർത്തി വിപുലമായ പരിപാടികളാണ് ആദരസന്ധ്യയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2:00 മണിക്ക് ജില്ലയിലെ കവികൾ കവിതകൾ ചൊല്ലിക്കൊണ്ട് കെ ആർ രാമചന്ദ്രന് കവിതാദരം നൽകും. കെ. ആറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ ഗായകർ ആലപിക്കും.
3:00 മണിക്ക് കെ. ആറിന്റെ കാവ്യലോകത്തെ അടിസ്ഥാനമാക്കി കവിതയിലെ പ്രതിരോധം, പെണ്ണിടങ്ങൾ, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടക്കും.
നാലുമണിക്ക് നടക്കുന്ന ‘കെ. ആറിന്റെ സാംസ്കാരിക ലോകം’ എന്ന സെഷനിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സൗഹൃദാനുഭവങ്ങൾ പങ്കുവെക്കും.
വൈകുന്നേരം 5:00 മണിക്കുള്ള ആദരസന്ധ്യ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ. ആർ. രാമചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘ഊന്നുവടികൾ’ കവി ജിജി കെ. ഫിലിപ്പ് പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.
ജനപ്രതിനിധികളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മയിലേക്ക് മുഴുവൻ കലാ-സാഹിത്യ സ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ മോബിൻ മോഹൻ
ഇ.ജെ ജോസഫ്
എം.സി ബോബൻ
ബാബു പൗലോസ്
കെ. എ മണി
പ്രിൻസ് ഓവേലിൽ എന്നിവർ
പങ്കെടുത്തു







































































































































