കുണ്ടും കുഴിയുമായി ചേമ്പളം റോഡ്
ഇരട്ടയാർ ∙ പൂർണതോതിൽ നന്നാക്കാൻ നടപടിയില്ലാത്തതിനാൽ ഏഴാംമൈൽ-ചേമ്പളം റോഡ് ശാപമോക്ഷം തേടുന്നു. റോഡിന്റെ ഏതാനും കിലോമീറ്റർ ഭാഗം കുത്തിപ്പൊളിച്ച ശേഷം ഫണ്ട് ലഭ്യമല്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചു. കുറച്ച് ഭാഗത്ത് പണികൾ ആരംഭിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന അവശേഷിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നുമില്ല. അടിമാലി-കുമളി ദേശീയപാതയിലെ ഏഴാംമൈലിൽ നിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന പാതയാണിത്. ഏഴാംമൈൽ-ശാന്തിഗ്രാം-ഇരട്ടയാർ നോർത്ത്-വെട്ടിക്കാമറ്റം-എഴുകുംവയൽ-കൗന്തി വഴി മൂന്നാർ-തേക്കടി പാതയിലെ ചേമ്പളത്ത് എത്താനാകും.
എന്നാൽ റോഡിന്റെ ശോച്യാവസ്ഥ മൂലം ഈ മേഖലയിൽ കഴിയുന്നവർക്കു പോലും ഇതുവഴി സഞ്ചരിക്കാനാവുന്നില്ല.ഏഴാംമൈൽ മുതൽ ഇരട്ടയാർ നോർത്ത് വരെയുള്ള ഭാഗത്തേക്ക് 6 കോടി രൂപ അനുവദിച്ച് 2 വർഷം മുൻപാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് കരാറുകാരൻ ഇവിടെ ജോലികൾ ചെയ്യാൻ എത്താറുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് വീതി കൂട്ടി ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും കലുങ്കുമെല്ലാം നിർമിച്ച് ഐറിഷ് ഓട നിർമിക്കാനുമാണ് ഫണ്ട് അനുവദിച്ചത്. നിലവിൽ ടാറിങ് മാത്രമാണ് നടന്നിട്ടുള്ളത്.
ഒരുവർഷം കൊണ്ട് പണികൾ പൂർത്തിയാക്കാനായിരുന്നു കരാർ നൽകിയിരുന്നത്. എന്നാൽ ജല അതോറിറ്റിയുടെ പൈപ്പുകളും മറ്റും മാറ്റാൻ കാലതാമസം വന്നതോടെ സമയ പരിധി ദീർഘിപ്പിച്ചു നൽകിയതായും അടുത്ത 2 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.ഇരട്ടയാർ കെഎസ്ഇബി ഓഫിസ് ഭാഗം മുതൽ എഴുകുംവയൽ വരെയുള്ള പൊളിഞ്ഞു കിടക്കുകയാണ്. അതിൽ വെട്ടിക്കാമറ്റം മുതൽ ഈട്ടിത്തോപ്പ് കവല വരെയുള്ള ഭാഗമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ടാറിങ് പൊളിച്ച ശേഷം ഉപേക്ഷിച്ചിട്ടിരിക്കുന്നത്. റോഡ് പൂർണതോതിൽ നന്നാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.