സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചു; പിന്നാലെ എതിര്‍പ്പ്; വീഡിയോ പിന്‍വലിച്ച് ധ്രുവ് റാഠി


സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ വീഡിയോ പിന്‍വലിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. സിഖ് സംഘടനകളായ അകാല്‍ തഖ്ത്, ശിരോമണി അകാലിദള്‍, ശിരോമണി ഗുരുധ്വാര പ്രബന്ധക് കമ്മിറ്റി എന്നിവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ധ്രുവ് വീഡിയോ പിന്‍വലിച്ചത്. സിഖ് ഗുരുക്കന്മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വീഡിയോ ചെയ്യുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനകളുടെ നിലപാട്.
‘ദി സിഖ് വാരിയര്‍ ഹു ടെറിഫൈഡ് ദി മുഗള്‍സ്’ എന്ന പേരിലായിരുന്നു ധ്രുവ് വീഡിയോ പുറത്തിറക്കിയത്. വീഡിയോ യൂട്യൂബില്‍ പബ്ലിഷ് ചെയ്തതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. വീഡിയോയിലെ സിഖ് ഗുരുക്കന്മാരുടെ എ ഐ ജനറേറ്റഡ് ചിത്രങ്ങള്‍ക്കെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ വീഡിയോ ധ്രുവ് പിന്‍വലിക്കുകയായിരുന്നു. തന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമുണ്ടെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചില കാഴ്ക്കാര്‍ക്ക് തോന്നിയതിനാല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ധ്രുവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചു. ഈ സംഭവം രാഷ്ട്രീയ-മതപരമായ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ ധീരന്മാരെക്കുറിച്ച് വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ വീഡിയോ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ധ്രുവ് പോസ്റ്റില്‍ വ്യക്തമാക്കി.
അതിനിടെ ധ്രുവിനെതിരെ ഡല്‍ഹി കാബിനറ്റ് മന്ത്രി മജിന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. ധ്രുവിന്റെ നടപടി സിഖ് ഗുരുക്കന്മാരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മജിന്ദര്‍ സിങ് സിര്‍സ ആരോപിച്ചു. ധ്രുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി )സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ധ്രുവിന്റെ യൂട്യൂബ് ചാനല്‍ പരിശോധിക്കണമെന്നും ഡിഎസ്ജിഎംസി ആവശ്യപ്പെട്ടു.