മുരിക്കാശ്ശേരി പാവനാത്മാ കോളേജിന് റാങ്കുകളുടെ പൊൻതിളക്കം


മുരിക്കാശ്ശേരി: മുരിക്കാശ്ശേരി പാവനാത്മാ കോളേജിന് ഈ വർഷത്തെ എം.ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം വന്നപ്പോൾ റാങ്കുകളുടെ പൊൻതിളക്കം. ബി.എസ്. സി ഫിസിക്സ് വിഷയത്തിന് വിദ്യാർത്ഥികൾ ഒന്നും രണ്ടും റാങ്കുകൾ ഉൾപ്പെടെ ആറ് റാങ്ക് കരസ്ഥമാക്കിയപ്പോൾ ബി.എസ്. സി ഗണിതശാസ്ത്രത്തിന് ഏഴു റാങ്കും ബി.എ മലയാളം വിത്ത് ജേർണലിസത്തിന് അഞ്ച് റാങ്കും, ബി.എ ഹിസ്റ്ററി വിഭാഗത്തിന് അഞ്ച് റാങ്കും പാവനാത്മയുടെ ചുണക്കുട്ടികൾ സ്വന്തമാക്കി. ബി.എസ്. സി. ഫിസിക്സിന് നവീൻ കെ. ഷിജോ ഒന്നാം റാങ്കും, ദേവിക സന്തോഷ് രണ്ടാം റാങ്കും, അർജുൻ കെ. ശിവൻ മൂന്നാം റാങ്കും, അഞ്ജലി ബിജു ഏഴാം റാങ്കും, ക്രിസ്റ്റി മാർട്ടിൻ ഒൻപതാം റാങ്കും, നന്ദന സാബു പത്താം റാങ്കും ബി.എസ്. സി ഗണിതശാസ്ത്രത്തിന് അലീന കുര്യാക്കോസ് രണ്ടാം റാങ്കും, ജെഫി മാത്യു മൂന്നാം റാങ്കും, നയന ഷാജി നാലാം റാങ്കും, അലീന എസ്. അഞ്ചാം റാങ്കും, അനസ്ക സാബു ആറാം റാങ്കും, സാനിയ ബെന്നി എട്ടാം റാങ്കും, ആൽബിൻ സിബി ഒൻപതാം റാങ്കും നേടിയെടുത്തപ്പോൾ ബി.എ മലയാളം വിത്ത് ജേർണലിസത്തിനു സിസ്റ്റർ അഞ്ചു മരിയ ജോയി ഒന്നാം റാങ്കും, സിസ്റ്റർ ജ്യോതിമോൾ കെ.എസ് രണ്ടാം റാങ്കും നവനി സന്തോഷ് മൂന്നാം റാങ്കും, റോസ്മേരി തോമസ് നാലാം റാങ്കും, അനന്ദു മനോജ് ഏഴാം റാങ്കും നേടിയെടുത്തു. ബി.എ ഹിസ്റ്ററി വിഭാഗത്തിൽ ബിനോ ബിജു ഒന്നാം റാങ്കും, അനുമോൾ ജോർജ് രണ്ടാം റാങ്കും, വൃന്ദ ബിജു മൂന്നാം റാങ്കും, സിസ്റ്റർ ജോസ്നമോൾ ജോബി നാലാം റാങ്കും, ജിസ്സ്മോൻ വർക്കി അഞ്ചാം റാങ്കും നേടി പാവനാത്മയുടെ വിജയത്തിന് തിളക്കം കൂട്ടി. എല്ലാ ഡിപ്പാർട്ട്മെന്റിലും 90% കുട്ടികളും വിജയിച്ചത് പാവനാത്മയുടെ പ്രത്യേകതയാണ്. പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കുന്നതും ഈ കോളേജിന്റെ നേട്ടം തന്നെയാണ്. കലാ രംഗത്തും, കായിക രംഗത്തും മികവിന്റെ കേന്ദ്രമാകുവാൻ പാവനാത്മക്ക് സാധിച്ചിരിക്കുന്നു. യാതൊരു ഫീസും ഇല്ലാതെ എയ്ഡഡ് വിഭാഗത്തിൽ പഠിക്കുവാൻ സാധിക്കുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹമാണ്. പെൺകുട്ടികൾക്കായി യു.ജി.സി സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന രണ്ട് ഹോസ്റ്റലുകളും ദേശീയ നിലവാരത്തിൽ പണിതീർത്ത ഇൻഡോർ സ്റ്റേഡിയവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഇടുക്കിയുടെ സൗകര്യം ആസ്വദിച്ച് പഠിക്കുവാനും റാങ്കുകൾ നേടാനും സഹായിക്കുന്നതാണ്. അർപ്പണ ബോധമുള്ള അധ്യാപകരും തികഞ്ഞ അച്ചടക്കവുമാണ് വിജയത്തിന് പിന്നിൽ എന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബെന്നോ പുതിയാപറമ്പിൽ അഭിപ്രായപെട്ടു. കോളേജിലേക്കുള്ള ഈ വർഷത്തെ ഡിഗ്രി, പി. ജി. അഡ്മിഷൻ ആരംഭിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. റാങ്ക് ജേതാക്കളെ കോളേജ് മാനേജർ മോൺ. ജോസ് കരിവേലിക്കൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബെന്നോ പുതിയാപറമ്പിൽ, ബർസാർ ഡോ. ജായസ് മറ്റം, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ഡോ. സജി ജോസഫ്, ശ്രീ. സജി കെ. ജോസ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.