പൊതുജനത്തിനെ ദ്രോഹിക്കുന്ന വിധം ജലവിഭവ വകുപ്പിന്റെ ഡാമുകൾക്ക് ചുറ്റുമേർപ്പെടുത്തിയ ബഫർസോൺ ഉത്തരവ് ഇപ്പോൾ വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് പിണറായി സർക്കാർ എന്ന് DCC ജനറൽ സെക്രട്ടറി ബിജോ മാണി


ഈ ജനദ്രോഹ നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. അൻവർ സാദത്ത് എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിന് കഴിഞ്ഞ മാർച്ച് 25 ന് വൈദ്യുതി മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഡാമുകൾക്ക് ചുറ്റും രണ്ട് കാറ്റഗറികളായി തിരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജലവിഭവ വകുപ്പ് ഇറക്കിയ ഉത്തരവ് വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അറിയിച്ചത്. ജലവിഭവ വകുപ്പിന്റെ ബഫർ സോൺ ഉത്തരവ് പിൻവലിക്കുമെന്ന് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞ അതേ ദിവസം തന്നെയാണ് വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കും ബഫർ സോൺ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി കെ. കൃഷ്ണൻകുട്ടി മറുപടി നൽകിയത്. വൈദ്യുതി ബോർഡിന് ഏറ്റവുമധികം ഡാമുകൾ ഉള്ളത് ഇടുക്കിയിലായതിനാൽ ജില്ലയിലെ സാധാരണ കർഷകരെ ഇത് ഗുരുതരമായി ബാധിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മാത്രമാണ് ഈ ജനദ്രോഹ ഉത്തരവിന് പൂർണ ഉത്തരവാദി. ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവ് ചൂണ്ടിക്കാണിച്ച അവസരത്തിൽ തന്നെ വൈദ്യുതി വകുപ്പും ഇത്തരത്തിൽ നീങ്ങുമെന്ന അപകടം ചൂണ്ടിക്കാണിച്ചിരുന്നു.
∙ ജനദ്രോഹത്തിന്റെ നാൾവഴി
ഡാമുകൾക്ക് ചുറ്റുമുള്ള നിർമാണപ്രവർത്തനങ്ങൾക്ക് എൻഒസി നൽകുന്നതിനെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 2023 ൽ ജലവിഭവ വകുപ്പ് നിയമിച്ച 8 അംഗ സമിതിയുടെ റിപ്പോർട്ട് അതേപടി നടപ്പിലാക്കിയതാണ് ഈ പ്രശ്നത്തിന് കാരണം. ഈ ഉത്തരവാണ് വൈദ്യുതി ബോർഡ് അവരുടെ ഡാമുകളിലേക്കും വ്യാപിപ്പിക്കുന്നത്.
ഡാമുകളുടെ പരമാവധി ജലനിരപ്പ് മുതൽ 120 മീറ്ററാണ് ബഫർ സോണിലാകാൻ പോകുന്നത്. ഇതിൽ 20 മീറ്ററിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്ററിൽ നിർമാണത്തിന് എൻഒസി ആവശ്യമാണ്. ഇവിടെയും പരമാവധി 3 നിലകളിലുള്ള നിർമാണത്തിനെ അനുമതിയുള്ളൂ. പരമാവധി ജലനിരപ്പ് വരെയുള്ള സ്ഥലം വൈദ്യുതി ബോർഡ് ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്. ഈ ജണ്ടയ്ക്കുള്ളിലുള്ള സ്ഥലത്തിന് മാത്രമാണ് വൈദ്യുതി ബോർഡ് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ജണ്ടയ്ക്ക് വെളിയിലുള്ള സ്ഥലം ആളുകളുടെ കൈവശത്തിലുള്ള പട്ടയ /പട്ടയേതര ഭൂമിയാണ്. ഈ ഭൂമിയിലെ 120 മീറ്ററാണ് ബഫർ സോണിന്റെ പരിധിയിലാകുന്നത്.
∙ ബാധിക്കുക പതിനായിരങ്ങളെ
പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. കൂടാതെ നിരവധി ആരാധനാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ടൗണുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയും ഈ പ്രാദേശത്തുണ്ട്. ഇതെല്ലാം ബഫർ സോണിന്റെ പരിധിയിലാകും. ഇവിടങ്ങളിലൊന്നും ഒരു നിർമാണവും നടത്താൻ കഴിയാത്ത സ്ഥിതിയാണ് വരാൻ പോകുന്നത്. കൂടാതെ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ തുടങ്ങിയ 3 ചെയിൻ മേഖലയിലും കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ മേഖലയിലും ഇതോടെ പട്ടയം നൽകാനും കഴിയില്ല.
∙ മുൻപ് ആവശ്യമില്ലെന്ന് പറഞ്ഞ ഭൂമി
ഇപ്പോൾ ബഫർ സോണിന്റെ പരിധിയിലാക്കുന്ന ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലം ബോർഡിന് ആവശ്യമില്ലന്ന് 1974 ൽ അന്നത്തെ വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ ഇട്ടി ഡാർവിൻ തീരുമാനിക്കുകയും സർക്കാർ ഈ കാര്യം അംഗീകരിക്കുകയും ചെയ്തതായി ജില്ലാ കലക്ടർ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കേരളത്തിൽ വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള 59 ഡാമുകളിൽ 24 എണ്ണവും ഇടുക്കി ജില്ലയിലാണ്. ഇരട്ടയാർ, പാമ്പാടുംപാറ, നെടുങ്കണ്ടം, രാജാക്കാട്, ശാന്തൻപാറ, ചിന്നക്കനാൽ, കൊന്നത്തടി, അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി, മൂന്നാർ, മാട്ടുപ്പെട്ടി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ, മരിയാപുരം, വാഴത്തോപ്പ്, കാമാക്ഷി, കഞ്ഞിക്കുഴി, വാത്തികുടി, അറക്കുളം, മാങ്കുളം, പീരുമേട് എന്നീ 24 പഞ്ചായത്തുകളെയും കട്ടപ്പന മുനിസിപ്പാലിറ്റിയേയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. അതിനാൽ ബഫർ സോൺ ഉത്തരവ് നടപ്പാക്കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജോ മാണി പറഞ്ഞു. പത്രസമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, കോൺഗ്രസ് ബ്ലോക്ക്‌പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ പങ്കെടുത്തു.
∙ കെഎസ്ഇബി ഡാമുകൾ
ഇടുക്കി -24
പത്തനംതിട്ട -13
വയനാട് -8
കോഴിക്കോട് -7
മലപ്പുറം – 1
തൃശൂർ – 5
തിരുവനന്തപുരം -1
ആകെ– – 59