ഇടുക്കി രൂപതാദിന സ്വാഗതസംഘം രൂപീകരിച്ചു


ഇടുക്കി രൂപതാദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരീഷ് ഹാളിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ ദിനം വിശ്വാസത്തിന്റെ പ്രഘോഷണവും രൂപതയുടെ വളർച്ചയുടെ കുതിപ്പുമാണന്ന് അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം വിശ്വാസത്തിന്റെ വളക്കൂറുള്ള മണ്ണാണ്. കുടിയേറ്റത്തിന്റെ പുണ്യം നിറഞ്ഞ സ്ഥലമാണിത്. ഇവിടെ നടത്തപ്പെടുന്ന രൂപതാ ദിനം വിശ്വാസ പ്രഘോഷണത്തിന്റെ ഉണർത്തുപാട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇരുപത് കമ്മിറ്റികളിലായി 250 അംഗങ്ങൾ അടങ്ങിയ വിപുലമായ കമ്മറ്റിക്ക് രൂപം നൽകി. മെയ് മൂന്നാം തിയതി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിലാണ് രൂപതാ ദിനാഘോഷം നടക്കുന്നത്.
രൂപതാ ദിനാചരണത്തിന് ഒരുക്കമായി ഫൊറോന കൗൺസിലും വിശേഷാൽ പാരീഷ് കൗൺസിലും നടന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 28, 29 തിയതികളിലായി ഫൊറോനാ തലത്തിൽ വി.കുരിശിന്റെ പ്രയാണം നടക്കും. മെയ് 1ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ 2500 കലാകാരികൾ അവതരിപ്പിക്കുന്ന മെഗാ മാർഗംകളി നടക്കും. മെയ് 2 ന് അടിമാലി, വാഴത്തോപ്പ്, രാജകുമാരി എന്നീ ഇടവകകളിൽ നിന്നും ദീപശിഖ, പതാക, ഛായാചിത്രം എന്നീ പ്രയാണങ്ങൾ നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ എത്തിച്ചേരും. തുടർന്ന് വൈകുംന്നേരം 6.30 ന് ടൗണിൽ വിളമ്പര ജാഥ നടത്തും. മൂന്നാം തിയതി രാവിലെ 9.30 ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാനയർപ്പിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
വൈദികരുടെയും സമർപ്പിതരുടെയും അൽമായരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് നടക്കുന്നത്. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, ആർച്ച് പ്രീസ്റ്റ് റവ.ഫാ.ജെയിംസ് ശൗര്യാംകുഴി, സി. ടെസ്ലിൻ എസ് എച്ച്, സി.റോസിൻ എഫ് സി സി, ജോർജ് കോയിക്കൽ, സാം സണ്ണി, ഷേർളി ജൂഡി എന്നിവർ സംസാരിച്ചു.