ആലുവ മൂന്നാർ രാജപാത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് ഉപരോധം ബുധനാഴ്ച്ച


കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി പി ഡബ്ല്യു ഡി വകുപ്പിന്റെ അധീനതയിലുള്ള ആലുവ മൂന്നാർ രാജപാത പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ സമരത്തിന് നേതൃത്വം കൊടുത്ത കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനെതിരെ കേസെടുത്ത വനം വകുപ്പിന്റെ നടപടി റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച പൈനാവ് വെള്ളാപ്പാറ ഡി എഫ് ഓഫീസ് ഉപരോധിക്കും.
സ്ഥലം എംപി എംഎൽഎമാർ പ്രാദേശിക ജനപ്രതിനിധികൾ സാമുദായിക സാംസ്കാരിക സംഘടന നേതാക്കൾ എന്നിവരെല്ലാം അടങ്ങിയ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം പങ്കെടുത്തു എന്നതിന്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത് ഗൂഢ ലക്ഷ്യത്തോടുകൂടിയാണ് . വനഭൂമിയിൽ അതിക്രമിച്ചു കയറി, വനംവകുപ്പിന്റെ ബാരിക്കേടുകൾ നശിപ്പിച്ചു, വന്യജീവികൾക്ക് അസ്വസ്ഥത ഉണ്ടാക്കി വനംവകുദ്യോഗസ്ഥരുടെ സ്വൈര്യ ജീവിതം തകർത്തു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച കേസെടുത്തിരിക്കുന്ന വനംവകുപ്പിനെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ഭാരവാഹികൾ ആവശ്യപ്പെട്ടു.അധികാരികളെ മുൻകൂട്ടി അറിയിച്ചു നടത്തിയ സമരത്തെ കള്ള കേസുകൾ എടുത്ത് പൊളിക്കാം എന്ന് കരുതുന്നത് മണ്ടത്തരം ആണ് എന്ന് വനം വകുപ്പുദ്യോഗസ്ഥർ മനസ്സിലാക്കണം. സമാധാനപരമായ മാർഗങ്ങളിലൂടെയും നിയമവ്യവസ്ഥകൾക്ക് വിധേയമായും ജനങ്ങൾക്ക് പ്രതിഷേധിക്കുവാനും പ്രതിരോധിക്കുവാനും ഉള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ആരെയും അനുവദിക്കില്ല എന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു. ജില്ലയിലെ ഏറ്റവും വിദൂരവും അവികസിതവും ആയ മാങ്കുളം ആനക്കുളം പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ ചെന്നെത്താൻ കഴിയുന്നതും ഇന്ത്യയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ ആലുവ മൂന്നാർ റോഡിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കയ്യേറിയിരിക്കുന്നത് വനം വകുപ്പാണ്. പിഡബ്ല്യുഡി, റവന്യൂ രേഖകളിലെല്ലാം റോഡ് എന്ന് ചേർത്തിരിക്കുന്നതും അതിരുകൾ നിശ്ചയിച്ചിട്ടുള്ളതും ആയ ഈറോഡ് കഴിഞ്ഞ കുറെ കാലമായി വനം വകുപ്പ് അന്യായമായി കൈവശം വച്ചിരിക്കുകയാണ്. ഇത് ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളായ മലയോര കർഷകർ സമരം നടത്തിയത്. എന്നും കുടിയേറ്റ ജനതയോടും കർഷകരോടും കർഷകർക്ക് അനുകൂലമായി നിലപാട് എടുക്കുന്ന ജനമുന്നേറ്റങ്ങളോടും വൈര നിര്യാദ ബുദ്ധിയോടെ നിലപാടെടുക്കുന്ന വനംവകുപ്പിനെ നിലയ്ക്കു നിർത്തുവാൻ സർക്കാർ തയ്യാറാകണം . വനാതിർത്തികളിൽ നിന്നും ജനങ്ങളെ ആട്ടിപ്പായിക്കുകയും വനവിസ്തൃതി വർധിപ്പിച്ച് ജനങ്ങളെ തങ്ങളുടെ മണ്ണിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും തന്ത്രപൂർവ്വം ഒഴിവാക്കാനുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് വനം വകുപ്പിന്റെ ഇത്തരം നീക്കങ്ങൾ.തെറ്റ് തിരുത്തി ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതിനു പകരം വനം വകുപ്പുദ്യോഗസ്ഥരെ കയറൂരി വിട്ടു ജനകീയ മുന്നേറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിൽ കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി . രാജപാതയിലെ വനംവകുപ്പിന്റെ കയ്യേറ്റവും ഭീഷണിയും കോതമംഗലം രൂപതാ ബിഷപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതും പിഡബ്ല്യുഡിയുടെ നിശബ്ദതയും സർക്കാരിന്റെ അനാസ്ഥയും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം തീർത്തിരിക്കുകയാണ്. കൊടുങ്കാടും വന്യജീവി ആക്രമണങ്ങളും ആനത്താരകളും പിന്നിട്ട് കണ്ണി മണ്ണിൽ അന്നംവിളിച്ച കർഷകരെ കള്ളക്കേസ് എടുത്ത് പരാജയപ്പെടുത്താം എന്ന് കരുതിയാൽ അത് ദുരന്ത പര്യവസാനിയാകും എന്ന കാര്യത്തിൽ തർക്കമില്ല. കോതമംഗലം ബിഷപ്പിനും ജനപ്രതിനിധികൾക്കും കർഷകർക്കും നേരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പൂർണമായി പിൻവലിക്കുകയും വനംവകുപ്പിനെ നിലയ്ക്കുനിർത്തുകയും ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയും ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ മോൺ ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. സംഘടന ഭാരവാഹികളായ ഫാ.ഫ്രാൻസിസ് ഇടവകണ്ഠം ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ,ഫാ. ജിൻസ് കാരക്കാട്ടു, രൂപത ട്രഷറർ ജോസഫ് ചാണ്ടി തേവർ പറമ്പിൽ ഗ്ലോബൽ സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴി, എന്നിവർ പ്രസംഗിക്കും. വൈസ് പ്രസിഡണ്ട്മാരായ സാബു കുന്നുംപുറം ജോസ് തോമസ് ഒഴുകയിൽ ജോളി ജോൺ, സാന്റോച്ചൻ തളിപ്പറമ്പിൽ, ടോമി കണ്ടത്തിൽ ജോയ് വള്ളിയാoതടം ഷാജി കുന്നുംപുറം, ആക്നസ് ബേബി റിൻസി സിബി, അഗസ്റ്റിൻ പരത്തിനാൽ ടോമി ഇളംതുരുത്തിയിൽ അഡ്വ വി എം ജോയ്, ടോമി കല്ലുവെട്ടത്ത് ജോസുകുട്ടി മണ്ണുക്കുളം, മിനി ഷാജി ആദർശ് മാത്യു ബെന്നി മൂക്കിലിക്കാട്ട് ബിനോയ് കളത്തൂർ ജോസഫ് പാലാട്ടിൽ അഡ്വ. ജോഷി വട്ടമല റോബർട്ട് ഓടയ്ക്കൽ കുര്യൻ കളപ്പുരക്കൽ മാത്തുക്കുട്ടി കുത്തനാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.