‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം


എത്ര പുതുമുഖ നടിമാര്‍ ഉദയം ചെയ്താലും തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി ആരാധകര്‍ കാണുന്ന താരം നയന്‍താരയാണ്. ശാലീന സുന്ദരിയായ നാട്ടിന്‍പുറത്തുകാരിയായി മലയാളത്തില്‍ കരിയര്‍ തുടങ്ങിയ നയന്‍താര പിന്നീട് വ്യത്യസ്ത ലുക്കിലും ഭാവത്തിലും തെന്നിന്ത്യയാകെ നിറയുന്നതും ഏത് വെല്ലുവിളിയുള്ള കഥാപാത്രങ്ങളും നന്നായി ചെയ്യുന്നതും സൂപ്പര്‍താരമായി വളരുന്നതും ഫാന്‍സ് വലിയ ആരാധനയോടെയാണ് നോക്കികണ്ടിട്ടുള്ളത്. തന്റെ ഒരൊറ്റ പേരുകൊണ്ട് തിയേറ്ററുകളെ ഇളക്കിമറിക്കാനും ഫാന്‍സിനെ ആവേശം കൊള്ളിക്കാനും സിനിമയുടെ നട്ടെല്ലായി നില്‍ക്കാനും കഴിയുന്നതിനാലാണ് നയന്‍താരയെ ഫാന്‍സ് സ്‌നേഹത്തോടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചത്. എന്നാല്‍ ആ വിളി ഒഴിവാക്കാന്‍ ആരാധകരോട് ഇപ്പോഴിതാ സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നയന്‍താര.
തന്നെ ലേഡീ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കേണ്ടെന്നും നയന്‍താര എന്ന് വിളിക്കുന്നതാണ് സന്തോഷമെന്നുമാണ് മാധ്യമങ്ങള്‍ക്കെഴുതിയ കത്തില്‍ നയന്‍താര വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് ഇത്ര വിലയേറിയ ഒരു വിശേഷണം തന്നതിലും തന്നെ സ്‌നേഹിച്ചതിലും വളര്‍ത്തിയതിലും എല്ലാവരോടും നന്ദിയുണ്ടെങ്കിലും ലേഡീ സൂപ്പര്‍ സ്റ്റാറെന്ന വിളി ഇനി വേണ്ടെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നതായി നയന്‍താര പറഞ്ഞു. നയന്‍താര എന്ന് വിളിക്കുന്നതാണ് സന്തോഷമെന്നും ആ വിളിയാണ് ഹൃദയത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതായി തോന്നുന്നതെന്നും നയന്‍താര പറഞ്ഞു.
ഇത്തരം വിശേഷണങ്ങളൊക്കെ ഏറെ മതിപ്പുള്ളതാണെങ്കിലും ഇവ താരങ്ങളെ അവരെ സ്‌നേഹിക്കുന്ന ആരാധകരില്‍ നിന്നും അവരുടെ തൊഴിലില്‍ നിന്നും അവരുടെ കലയില്‍ നിന്നും അവരെ അകറ്റുന്നതായി തനിക്ക് തോന്നുന്നുവെന്ന് നയന്‍താര വ്യക്തമാക്കി. പരിധികളേതുമില്ലാതെ സ്‌നേഹത്തിന്റെ ഭാഷ കൊണ്ട് നമ്മുക്ക് പരസ്പരം ബന്ധപ്പെടാമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.