കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യകളിൽ വിറങ്ങലിച്ച് മലനാട്; ഒരു മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയതു രണ്ടു വ്യാപാരികൾ ഉൾപ്പെടെ 3 പേർ


കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യകളിൽ വിറങ്ങലിച്ച് മലനാട്. ഒരു മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയതു രണ്ടു വ്യാപാരികൾ ഉൾപ്പെടെ 3 പേർ. ഇരുമ്പുപാലത്ത് ബേക്കറിയുടമ ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറും മുൻപാണ് ജില്ലയിൽ വീണ്ടുമൊരു വ്യാപാരി കൂടി ജീവനൊടുക്കിയത്.
സേനാപതി കുഴിയമ്പാട്ട് ദാമോദരനെ (60) ബുധൻ ഉച്ചകഴിഞ്ഞ് ശാന്തൻപാറ പള്ളിക്കുന്നിലെ കടയ്ക്കുള്ളിലാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. നേരത്തെ ലോട്ടറി കച്ചവടം നടത്തിയിരുന്ന ദാമോദരൻ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് അവസാനിപ്പിച്ചു. ഒരു വർഷം മുൻപാണ് പള്ളിക്കുന്നിൽ പലചരക്കും ഇറച്ചിക്കോഴി വ്യാപാരവും തുടങ്ങിയത്.
ഇരുമ്പുപാലം ടൗണിൽ ആതിര ബേക്കറി ആൻഡ് കോഫി ഹൗസ് നടത്തുന്ന ഒഴുവത്തടം പുല്ലരിമലയിൽ ജി.വിനോദിനെ (52) കഴിഞ്ഞമാസം 19 നു രാവിലെയാണ് ബേക്കറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് രാവിലെ അഞ്ചരയോടെ ബേക്കറിയിൽ എത്തിയ വിനോദ് അകത്തു കയറി കടയുടെ ഷട്ടർ താഴ്ത്തി. അര മണിക്കൂർ കഴിഞ്ഞിട്ടും സ്ഥാപനം തുറക്കാതെ വന്നതോടെ സമീപത്തുള്ള വ്യാപാരി എത്തി ഷട്ടർ ഉയർത്തിയപ്പോഴാണു വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ജൂൺ 30 ന് ആണ് പാമ്പാടുംപാറയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്. പാമ്പാടുംപാറ പത്തിനിപ്പാറ മാവോലിൽ സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നു പരാതി ഉയർന്നിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് നിത്യവൃത്തിക്കു വഴിയില്ലാതെയും കടം പെരുകിയും ആത്മഹത്യയുടെ വക്കിലാണ് ചെറുകിട വ്യാപാരികളിൽ പലരും.
കോവിഡിനെ തുടർന്ന് വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലായി. ഇപ്പോൾ, ആഴ്ചയിൽ 6 ദിവസം കടകൾ പൂർണമായി തുറക്കാൻ അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുമ്പോഴും സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ തിരിച്ചടിയാകുമോ എന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
കഴിഞ്ഞ 2 വർഷത്തിനിടെ സീസണുകളിലെ കച്ചവടം ഒന്നും വ്യാപാരികൾക്ക് കിട്ടിയില്ല. ഈ ഓണക്കാലത്തും കാര്യമായ പ്രതീക്ഷയില്ല. കോവിഡ് ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പല മേഖലകളിലും ആത്മഹത്യകൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.