ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യൻ കയറ്റുമതിക്കാർ: കനത്ത നഷ്ടമുണ്ടാകുമെന്ന് ഭീതി: പരിഹാരമാർഗ്ഗം തേടി കേന്ദ്രം


അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യയിലെ കയറ്റുമതി രംഗം. നികുതി വർദ്ധനവിലൂടെ ഇന്ത്യയിൽ നിന്നുള്ള കാർഷികം മുതൽ ഓട്ടോമൊബൈൽ വരെയുള്ള കയറ്റുമതി രംഗത്ത് 7 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് സിറ്റി റിസർച്ച് വിലയിരുത്തൽ.
അതേസമയം അമേരിക്ക എത്ര നികുതി കൂട്ടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ. എങ്കിൽ മാത്രമേ ഇതിന്റെ ആഘാതം കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂവെന്നും ഇതിനെ മറികടക്കാനുള്ള ബദൽ മാർഗങ്ങൾ ആലോചിക്കുകയും ആണെന്ന് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അമേരിക്കയുമായി പരമാവധി വ്യാപാരബന്ധം മെച്ചപ്പെടുത്തി നികുതി വർദ്ധന ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ.
കെമിക്കൽ, ജ്വല്ലറി, ഓട്ടോമൊബൈൽ, മെറ്റൽ പ്രൊഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ, ഫുഡ് പ്രോഡക്റ്റ്സ് തുടങ്ങിയ രംഗങ്ങളിലാണ് അമേരിക്കയുടെ നികുതി വർദ്ധന ഇന്ത്യക്ക് തിരിച്ചടിയാകാൻ പോകുന്നത്. 2024ൽ 74 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇതിൽ എട്ടര ബില്ല്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ മുത്തും പവിഴവും അടങ്ങിയ ജ്വല്ലറി ഉൽപ്പന്നങ്ങൾ ആയിരുന്നു. 8 ബില്യൺ ഡോളറിന്റെ മരുന്ന് ഉൽപ്പന്നങ്ങളും നാലു ബില്യൺ ഡോളറിന്റെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും കയറ്റി അയച്ചിരുന്നു.
2023ലെ കണക്ക് പ്രകാരം അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 11 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയേക്കാൾ 8.2% അധികമായിരുന്നു ഇത്. 2024ൽ 42 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഇവയ്ക്കെല്ലാം ഉയർന്ന നികുതിയാണ് ഇന്ത്യ ചുമത്തിയിരുന്നത്. തടി ഉൽപ്പന്നങ്ങൾക്ക് 7%, യന്ത്രസാമഗ്രികൾക്ക് 15%, ചെരുപ്പിനും ഗതാഗത ഉപകരണങ്ങൾക്കും 20%, ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 68% ഇങ്ങനെ പോകുന്നു ആ പട്ടിക.
ഇന്ത്യ ഉൾപ്പെടെ മോസ്റ്റ് നേഷൻസ് പട്ടികയിൽ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ഫാം ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം മാത്രം നികുതിയാണ് അമേരിക്ക ഇറക്കുമതിക്ക് ചുമത്തിയിരുന്നത് എന്നാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. അതേസമയം അമേരിക്കയിൽ നിന്നുള്ള ഈ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 39% നികുതിയാണ് ചുമത്തിയിരുന്നത്. അമേരിക്കയിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങൾക്ക് 100% നികുതി ഇന്ത്യ ചുമത്തിയപ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങൾക്ക് അമേരിക്ക 2.4 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.
ഇന്ത്യയുടെ അതേ നിലയിൽ അമേരിക്ക നികുതി വർധിപ്പിക്കുകയാണെങ്കിൽ ഫാം ഫുഡ് പ്രൊഡക്ടുകൾക്കാണ് കനത്ത തിരിച്ചടി ഉണ്ടാവുക. ടെക്സ്റ്റൈൽ- ലെതർ – തടി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക നികുതി വർദ്ധിപ്പിച്ചാലും കാര്യമായ ആഘാതം ഉണ്ടാവില്ല. വളരെ കുറച്ച് അളവിൽ മാത്രമാണ് ഇത്തരം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് എന്നുള്ളതാണ് ഇതിന് കാരണം. ഇതിന് പുറമേ മിക്ക അമേരിക്കൻ കമ്പനികളും ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് ഇത്തരം ഉൽപ്പനങ്ങൾ ഉത്പാദിപ്പിക്കുന്നത് എന്നതും പ്രധാനമാണ്.
ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 10 ശതമാനം നികുതി എന്ന ഏകീകരണത്തിലേക്ക് അമേരിക്ക പോവുകയാണെങ്കിൽ, 50 മുതൽ 60 വരെ ബിപിഎസ് ആഘാതം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കും. ഇത് 12% വരെ കയറ്റുമതിയിൽ കുറവുണ്ടാക്കും. ഈ സാഹചര്യത്തിൽ അമേരിക്കയെ പരമാവധി ശാന്തരാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി ഏറ്റവും വിലകൂടിയ ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ ചുമത്തിയിരിക്കുന്ന 50% നികുതി 30% ആക്കി കുറച്ചിട്ടുണ്ട്. വിസ്കിക്ക് മുകളിലുള്ള ഇറക്കുമതി ചുങ്കം 150 ശതമാനത്തിൽ നിന്ന് 100 ആക്കി കുറച്ചു. മറ്റ് ഉൽപ്പന്നങ്ങൾക്കും ഇതേ നിലയിൽ നികുതി കുറക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന് ഇന്ത്യ നൽകിയിരിക്കുന്ന വാക്ക്. ഇന്ധന ഇറക്കുമതിയും പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയും കൂട്ടുന്നതിലൂടെ അമേരിക്കയുമായുള്ള നിലവിലെ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താൻ ആകുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.