മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്
മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ ബസ്സാണ് മുന്നാറിലേക്ക് എത്തുന്നത്.
ബസ്സിൻ്റെ മുകൾ ഭാഗത്തും, ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ്സ് പാനലുകൾ ടൂറിസ്റ്റുകൾക്ക് തേയില തോട്ടങ്ങളുടേയും, കോടമഞ്ഞിന്റെയും, മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് സഹായകമാവും.
ബസ്സിലെ രാത്രി യാത്രകൾ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തി.
ബസ്സിന്റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കി.
ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസ്സിലുണ്ട്.
യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും, അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജ്ജിംഗ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്.
ബസ്സിൻ്റെ മനോഹരമായ രൂപകൽപ്പനയും സംവിധാനങ്ങളും ഫോട്ടോഷൂട്ട് അടക്കമുള്ള അനന്തസാധ്യതകൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ഈ പുതുവത്സര സമ്മാനം . കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു. ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറിൽ സർവീസ് ആരംഭിക്കുന്നതിനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്.