കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേന്റെ നേതൃത്വത്തില്‍ 19ന് ഇടുക്കി കലക്റ്ററേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും
സഹകരണ പെന്‍ഷന്‍കാര്‍ക്ക് വാര്‍ധക്യത്തില്‍ ജീവിക്കാന്‍ മതിയായ പെന്‍ഷനും ക്ഷാമബത്തയും മറ്റുമായി പെന്‍ഷന്‍ പരിഷ്‌കരണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സഹകരണ പെന്‍ഷന്‍ ബോര്‍ഡിനു മുന്നിലും അന്നേ ദിവസം നടത്തുന്ന സമരത്തിന്റെ ഭാഗമാണ് ഇടുക്കി കലക്റ്ററേറ്റിനു മുന്നിലും സമരം നടത്തുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. റിട്ട. ജഡ്ജ് എം. രാജേന്ദ്രന്‍ ചെയര്‍മാനായും പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍ അടക്കമുള്ളവര്‍ അഗങ്ങളുമായ അഞ്ചംഗ പെന്‍ഷന്‍ പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിരാശാജകമാണ്. എങ്ങിനെ പെന്‍ഷന്‍ നല്‍കാതിരിക്കാമെന്ന വിദഗ്ദമായ കണ്ടെത്തലാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളിക്കളയുക, സഹകരണ പെന്‍ഷന്‍കാര്‍ക്ക് ഡി.എ. അനുവദിക്കുക, മിനമം പെന്‍ഷന്റെയും പരമാവധി പെന്‍ഷന്റെയും പരിധി വര്‍ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്.
19ന് രാവിലെ 10.30ന് പൈനാവ് ജംക്ഷനില്‍ നിന്നും ഇടുക്കി കലക്റ്ററേറ്റിലേക്ക് ആരംഭിക്കുന്ന മാര്‍ച്ചിനു പിന്നാലെ നടക്കുന്ന ധര്‍ണാ സമരം എം.എം. മണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ടി.എം. ജോണ്‍, കെ.കെ. സുകുമാരന്‍, കെ.കെ. ജോസഫ്, ടി.സി. രാജശേഖരന്‍നായര്‍, ബിജു മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ജോമസ് ജോസഫ്, ജോസഫ് സേവ്യര്‍, കെ.കെ. ജോസഫ്, പി.എന്‍. സുകു, ജോസഫ് പനന്താനം, പി.ബി. സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.