വയനാട് പുനരധിവാസത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റേത് ജനവഞ്ചനയാണെന്ന് എം എം മണി എംഎല്‍എ
വയനാട് പുനരധിവാസത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റേത് ജനവഞ്ചനയാണെന്ന് എം എം മണി എംഎല്‍എ.
സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി വയനാട്ടിലെത്തി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയതുമാത്രമാണ് ഉണ്ടായത്.
കേരളത്തെ പൂര്‍ണമായി അവഗണിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും പ്രഹസനമായി മാറി. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാനോ ദുരിതബാധിതര്‍ക്ക് വേണ്ടി സംസാരിക്കാനോ കോണ്‍ഗ്രസും ബിജെപിയും തയാറായിട്ടില്ല.
കേരളത്തെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം എം മണി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ഭരണഘടന മുല്യങ്ങള്‍ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രമെന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് മോദിയും കൂട്ടരും ശ്രമിച്ചുവരുന്നത്.
ഇതിനായി ആളുകളെ ഭിന്നിപ്പിക്കുന്ന തന്ത്രം രാജ്യത്തുടനീളം പ്രയോഗിച്ചുവരുന്നു. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നിശബ്ദത തുടരുമ്പോള്‍ പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും സിപിഐ എം മാത്രമാണെന്നും എം എം മണി പറഞ്ഞു.
സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയംഗം മാത്യു ജോര്‍ജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് രാജന്‍, കെ എസ് മോഹനന്‍, ആര്‍ തിലകന്‍, ഏരിയ സെക്രട്ടറി വി ആര്‍ സജി തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മേളനത്തിന് തുടക്കംകുറിച്ച് കട്ടപ്പന ഗാന്ധി സ്‌ക്വയറിലെ രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന ഏരിയ കമ്മിറ്റിയംഗം എസ് എസ് പാല്‍രാജ് പാര്‍ട്ടി പതാക ഉയര്‍ത്തി.
തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
ശനിയാഴ്ച പ്രതിനിധി സമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് റെഡ് വോളന്റിയര്‍മാര്‍ മാര്‍ച്ച് നടക്കും.
തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ, സി വി വര്‍ഗീസ്, കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടന്‍പാട്ടും അരങ്ങേറും.