സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദേശം


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴ ശക്തമായ സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരത്തെ ഗ്രീൻ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിയ ഉത്തരവിൽ യെല്ലോ അലേർട്ടാക്കി മാറ്റിയിട്ടുണ്ട്.
അതേസമയം മഴ ശക്തമായ സാഹചര്യത്തിൽ അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ചു വരെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനം അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വാകമരം കടപുഴകി റോഡിൽ വീണു. ഇലക്ട്രിക് ലൈനിലും സമീപത്തെ കടയുടെ മുകളിലേക്കുമാണ് മരം വീണത്. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
എറണാകുളത്ത് മഴയിൽ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതിൽ ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല. അതേസമയം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിപ്പുണ്ട്.