ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിന് 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് : മന്ത്രി കെ കൃഷ്ണൻകുട്ടി
*നെടുങ്കണ്ടത്തെ മൂന്ന് കെ എസ് ഇ ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ , മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു
ഇടുക്കി ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക പാക്കേജ് വഴിയുള്ള പദ്ധതികൾ 2026 ൽ പ്രത്യേക പാക്കേജ് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കൽമേട്ടിലെ 220 കെ വി സബ് സ്റ്റേഷനുൾപ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവർദ്ധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക.
സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തിൻ്റെ അറുപത് ശതമാനവും സംഭാവന ചെയ്യുന്ന ഇടുക്കി ജില്ലയുടെ വൈദ്യുതിശൃംഖലാ വികസനത്തിനായി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 253 കോടിയുടെയും ആർ ഡി എസ് എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 52 കോടിയുടെയും ഇടുക്കി പാക്കേജിൽ 217 കോടിയുടെയും ദ്യുതി പദ്ധതിയിൽ 120 കോടിയുടെയും പ്രവൃത്തികളാണ് നിലവിൽ നടന്നുവരുന്നത്.
ഹൈറേഞ്ച് മേഖലയിലെ ട്രാൻസ്മിഷൻ ശൃംഖല വിപുലീകരണത്തിൻ്റെ ഭാഗമായി ട്രാൻസ്ട്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ 253 കോടി രൂപയുടെ രാമക്കൽമേട് ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടന്നുവരുന്നു. ഇതിന്റെ ഭാഗമായി കട്ടപ്പന നിർമ്മലാസിറ്റിയിൽ 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും, നെടുങ്കണ്ടം പുഷ്പകണ്ടത്ത് 110 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും പുതുതായി നിർമ്മിക്കുന്നു. കൂടാതെ 66 കെ വി നിലവാരത്തിലുള്ള നെടുങ്കണ്ടം, കട്ടപ്പന, വാഴത്തോപ്പ് എന്നീ സബ് സ്റ്റേഷനുകൾ 110 കെ വി ശേഷിയായി ഉയർത്തുന്നു. ഇതോടനുബന്ധിച്ച് പൈനാവ് കുയിലിമല മുതൽ നിർമ്മലാസിറ്റി വരെ 20 കി മീ 66 കെ വി ലൈനുകളെ 220/110 കെ വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് (MCMV) നിലവാരത്തിലാക്കും.
നിർമ്മലാസിറ്റി മുതൽ കട്ടപ്പന, നെടുങ്കണ്ടം സബ് സ്റ്റേഷനുകളിലേയ്ക്ക് 110 കെ വി ഡബിൾ സർക്യൂട്ട് ലൈനുകളും സ്ഥാപിക്കും. കൂടാതെ കുത്തുങ്കൽ – നേര്യമംഗലം പവർ ഹൗസുകളെ ,കട്ടപ്പന നെടുങ്കണ്ടം ട്രാൻസ്മിഷൻ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായികുത്തുങ്കളിൽ നിന്നും നെടുങ്കണ്ടത്തേയ്ക്ക്
17 കി മീ ദൂരത്തിൽ 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൻ്റെ നിർമ്മാണ നടപടികളും ആരംഭിച്ചിട്ടുണ്ട്.
പുനരുപയോഗ ഊർജ്ജ സ്രോതസുകളുടെ കലവറയായ രാമക്കൽമേട്ടിലെ കാറ്റാടിയിൽ നിന്നും, സൗരോർജ്ജ പാനലുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖലയിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ശേഷി കൂടിയ 110 കെ വി ഡബിൾ സർക്യൂട്ട് ലൈനുകളും 33/110 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും അണക്കരമെട്ടിൽ സ്ഥാപിക്കുന്നു.
ഇടുക്കി ജില്ലയിൽ പ്രസരണമേഖലയിൽ മാത്രം 550 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം 46 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് . 2030 ൽ പദ്ധതികൾ പൂർത്തീകരിക്കും.
ഈ സർക്കാർ അധികാരമേറിയ ശേഷം പ്രസരണ മേഖലയിൽ 24 സബ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 31 സബ്സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിച്ചു. 26 ഇലക്ടിക്കൽ സെക്ഷൻ ഓഫീസുകളും 8 വൈദ്യുതി ഭവനുകളും നിർമ്മിച്ചു. കെ എസ് ഇ ബിയെ റവന്യൂമിച്ച സംരംഭമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും, ജീവനക്കാർക്ക് നേരെയുള്ള കയ്യേറ്റങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെ കെ എസ് ഇ ബി യ്ക്കെതിരെ നടത്തുന്ന വസ്തുതാവിരുദ്ധ പ്രചാരണങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ഈ സർക്കാർ അധികാരമേറിയ ശേഷം 958.5 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദിപ്പിച്ചു. 2010 ന് ശേഷം ജലവൈദ്യുതി ഉൽപാദനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായത്.
40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ പദ്ധതി ഈ മാസം 28 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ നവീകരണ പദ്ധതിയും ഉടൻ പൂർത്തിയാക്കും. ഈ സർക്കാർ ആരംഭിച്ച ചിന്നാർ, മാങ്കുളം പദ്ധതികൾ ഉടൻ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് . ചിന്നാറിൽ 24 മെഗാവാട്ടും മാങ്കുളത്ത് 40 മെഗാവാട്ടുമാണ് ഉൽപാദിപ്പിക്കുക. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവർണ ജൂബിലി പദ്ധതി, 480 മെഗാവാട്ട് ശേഷിയുള്ള ശബരി എക്സ്റ്റൻഷൻ സ്കീം, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. 2030 ഓടെ പതിനായിരം മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
2.20 കോടി രൂപ ചെലവഴിച്ചാണ് കല്ലാർ ഡാമിന് സമീപം മൂന്ന് നിലകളിലായി പുതിയ വൈദ്യുതിഭവൻ നിർമ്മിച്ചിട്ടുള്ളത്. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രി ക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുക.
പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി ചെയർമാൻ ബിജു പ്രഭാകർ, വിതരണ വിഭാഗം ഡയരക്ടർ പി സുരേന്ദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു, കാർഷിക കാടശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, സെൻട്രൽ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ എം എ പ്രവീൺ, ത്രിതല ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.