പട്ടിക വിഭാഗ സംവരണത്തിലെ ഉപവർഗീകരണം- നിയമ നിർമ്മാണം അനിവാര്യം; പുന്നല ശ്രീകുമാർ
പട്ടികവിഭാഗ സംവരണത്തിലെ ഉപവർഗീകരണം- നിയമ നിർമ്മാണം അനിവാര്യമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.ഇടുക്കി ജില്ലാ നേതൃസംഗമം കട്ടപ്പന നഗരസഭ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ഉപവർഗീകരണാധികാരം ഭരണഘടനയ്ക്ക് ബാഹ്യമായ കാര്യമാണെന്നത് പുനഃപരിശോധന ഹർജ്ജികളിൻമേൽ കോടതി നിരാകരിച്ചു.സ്ഥിതിവിവരകണക്കുകളുടെ അഭാവത്തിൽ സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന ഏത് നിലപാടും നീതിനിഷേധത്തിനും സംഘർഷത്തിനും ഇടവരുത്തും.കോടതിവിധി നടപ്പിലാക്കേണ്ടെന്ന കേന്ദ്ര ക്യാബിനറ്റ് തീരുമാനം ഈ സാഹചര്യത്തെ മറികടക്കാൻ പര്യാപ്തമല്ല.
കോടതിവിധിയെ തുടർന്ന് പട്ടിക വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കയും, ആശയക്കുഴപ്പവും ദുരീകരിക്കാൻ കേന്ദ്ര സർക്കാർ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ തന്നെ നിയമ നിർമ്മാണം നടത്തണം.ഈ വിഷയങ്ങളിൻമേൽ കേന്ദ്ര സർക്കാറിന്റെ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സംസ്ഥാന സർക്കാർ നടപടികളിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.സാബു കൃഷ്ണൻ,കെ.കെ.രാജൻ,ശിവൻ കോഴിക്കമാലി,സുനീഷ് കുഴിമറ്റം,കെ.റ്റി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.