ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയോട്… ഫാ.ജിൻസ് കാരയ്ക്കാട്ട്ഡയറക്ടർ, മീഡിയാ കമ്മീഷൻ ഇടുക്കി രൂപത
കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഇടുക്കി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയോട് മലയോര നിവാസികളുടെ ഏതാനും സങ്കടങ്ങൾ ബോധിപ്പിക്കട്ടെ: 2014 ൽ ഇടുക്കി ജനതകേട്ട വലിയ സന്തോഷ വാർത്തയായിരുന്നു ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തപ്പെടുന്നു എന്നത്. ചികിത്സാ സൗകര്യത്തിനായി കിലോമീറ്ററുകൾ അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്ന ജനതയ്ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതകൾ കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഈ വിദൂരത്തുള്ള ചികിത്സാ സൗകര്യം പലപ്പോഴും ഇടുക്കിക്കാർക്ക് പ്രാപ്യമല്ലാത്ത യാഥാർത്ഥ്യമായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും ചികിത്സാ സൗകര്യങ്ങൾ വിദൂരത്ത് തന്നെയാണ്. ഇടുക്കി മെഡിക്കൽ കോളേജ് ഇതിനെല്ലാമുള്ള ശാശ്വത പരിഹാരമാകും എന്നാണ് മലയോര ജനത കരുതിയത്.
എന്നാൽ ഈ പ്രഖ്യാപനത്തിന്റെ 10 വർഷങ്ങൾ പിന്നിടുമ്പോൾ വലിയ നിരാശയാണ് മിച്ചം. ഇടുക്കി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർധിക്കണം എന്നാവശ്യപ്പെടുമ്പോഴൊക്കെ ഉത്തരവാദിത്തപ്പെട്ടവരുടെ മറുപടി ഇടുക്കിയെ മറ്റ് മെഡിക്കൽ കോളേജുകളോട് താരതമ്യം ചെയ്യരുത്, ഘട്ടം ഘട്ടമായുള്ള വളർച്ചയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്നുള്ള ആശ്വാസവചനങ്ങളാണ്. മറ്റു മെഡിക്കൽ കോളേജുകൾ വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതുകൊണ്ടാണ് അവിടെയെല്ലാ സൗകര്യങ്ങളും ഉള്ളത്. ഇടുക്കി അവസാനം രൂപീകൃതമായതിനാലാണ് സൗകര്യങ്ങൾ ഇല്ലാത്തത് എന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ഇടുക്കിക്കാർക്കും മറ്റ് ജില്ലക്കാർക്ക് എന്നതുപോലെതന്നെ നല്ല ആരോഗ്യ പരിപാലനത്തിന് അവകാശമില്ലേ? മെച്ചപ്പെട്ട സൗകര്യങ്ങളും നിലവാരവുമുള്ള മെഡിക്കൽ കോളേജുകളിൽ പഠനം നടത്താൻ അവകാശമില്ലേ? മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു എന്നതിനപ്പുറം പര്യാപ്തമായ സൗകര്യങ്ങൾ ഇന്നും ഇവിടെ എത്തിയിട്ടുണ്ടോ എന്നുള്ളത് ഉത്തരവാദിത്തപ്പെട്ടവർ പരിശോധിച്ചു തിരിച്ചറിയണം.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല എന്ന് തന്നെ പറയുന്നതിൽ അതിശയോക്തിയില്ല. പുതിയ ആശുപത്രി സമുച്ചയത്തിന്റെ ലിഫ്റ്റ് സൗകര്യങ്ങൾ എങ്കിലും അടിയന്തരമായി പ്രവർത്തിപ്പിക്കേണ്ടതാണ്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് നൽകേണ്ട മരുന്നുകൾ പോലും മെഡിക്കൽ കോളേജിൽ ഇല്ല. രോഗിക്ക് കൂട്ടിരിക്കുന്നവർ ഒരു കിലോമീറ്റർ അകലെയുള്ള ചെറുതോണി ടൗണിൽ പോയി മരുന്നുകൾ വാങ്ങാൻ കുറച്ചു നൽകുന്നത് സാധാരണക്കാരുടെ കാണിക്കുന്ന വലിയ ദ്രോഹമാണ്. ഗുരുതര രോഗങ്ങൾ ഉണ്ടാകുന്ന വ്യക്തികൾക്ക് മതിയായ ചികിത്സകൾ ലഭ്യമാകണമെങ്കിൽ ഇന്നും ഇടുക്കിക്കാർക്ക് മൂന്നും നാലും മണിക്കൂറുകൾ മരണപ്പാച്ചിൽ നടത്തണം.
കാർഡിയോളജി ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കണം. ഇത്തരം ഗൗരവതരത്തിലുള്ള വിഭാഗങ്ങളിൽ അത്യാധുനിക സൗകര്യങ്ങൾ ഇല്ലാത്തത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. കാത്ത് ലാബ് എന്ന വർഷങ്ങൾ നീണ്ട വാഗ്ദാനം പാലിക്കണം അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ആശുപത്രി എന്ന ഹൈറേഞ്ചുകാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇഛാശക്തിയോടെ പ്രവർത്തിക്കണം.