റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം.
ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. സെപ്റ്റംബർ 18-നു തുടങ്ങി ഒക്ടോബർ എട്ടിനു തീരുന്ന രീതിയിൽ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെർവറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണിത്. റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികൾ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.
അരി വാങ്ങാൻ വരുന്ന കാർഡിലെ അംഗങ്ങൾ ഇ-പോസിൽ വിരൽ അമർത്തുമ്പോൾ മസ്റ്ററിങ് രേഖപ്പെടുന്ന തരത്തിൽ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിലൂടെ ഇതുവരെ 74 ലക്ഷത്തിലേറെപ്പേർ മസ്റ്റർ ചെയ്തു. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിങ്ങാണ് ചെയ്യേണ്ടത്. കാർഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ആധാർ, റേഷൻ കാർഡുകളാണ് ആവശ്യമായ രേഖകൾ. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒക്ടോബർ 3-8 വരെയാണ് മസ്റ്ററിങ്.