പ്രളയവും കോവിഡും തകർത്ത ഏലം മേഖലയ്ക്കു തിരിച്ചടിയായി വളം, കീടനാശിനികളുടെ വില വർധന;മൂന്ന് വർഷത്തിനുള്ളിൽ വളത്തിന് 52 ശതമാനം വില വർധനവ്
രാജകുമാരി∙ പ്രളയവും കോവിഡും തകർത്ത ഏലം മേഖലയ്ക്കു തിരിച്ചടിയായി വളം, കീടനാശിനികളുടെ വില വർധന. ഏലത്തിനു വിലയിടിയുകയും ഉൽപാദനച്ചെലവ് വർധിക്കുകയും ചെയ്തത് ഇരട്ടി പ്രഹരമായി. 3 വർഷത്തിനുള്ളിൽ വളത്തിന് 52 ശതമാനവും കീടനാശിനികൾക്ക് 27 ശതമാനവും വില വർധിച്ചു. വിഷയത്തിൽ സ്പൈസസ് ബോർഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടലുകളുണ്ടാകാത്തതു കർഷകരെ നിരാശരാക്കുന്നു.
പൂവിടുന്നതിനുള്ള ടോണിക്കുകൾ, തണ്ടുതുരപ്പനെ പ്രതിരോധിക്കാൻ പ്രയോഗിക്കുന്ന കീടനാശിനികൾ എന്നിവയ്ക്കാണു കൂടുതൽ വില വർധിച്ചത്. 2018 ൽ ഒരു ലീറ്റർ കീടനാശിനിക്കു 500 രൂപയായിരുന്നു ശരാശരി വില. 680 രൂപയാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ വില. വളങ്ങളുടെ വിലയിൽ 25% മുതൽ 52% വരെ വർധനയുണ്ടായി. 2 വർഷം മുൻപ് 50 കിലോ വേപ്പിൻ പിണ്ണാക്കിന് 950 രൂപയായിരുന്നു വില.
1950 രൂപയാണ് ഇപ്പോൾ. 850 രൂപയുണ്ടായിരുന്ന 50 കിലോ അമോണിയം കാർബണേറ്റിനു സർക്കാർ നൽകുന്ന സബ്സിഡി കഴിഞ്ഞ് 1150 രൂപയാണു വില. മുൻപ് 650 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന് 950 രൂപയായി. 50 കിലോ ഡിഎപിക്കു 950 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 1850 രൂപയാണ്. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും ഇന്ധനവില വർധനയുമാണ് വളം, കീടനാശിനി വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.