വാത്തിക്കുടി;പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
2018 ല്‍ ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.
ഉപ്പുതോട് സ്വദേശി തോമസ് ഒ ജോര്‍ജും കുടുംബവും അവരുടെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന പാലമാണ് 2018 ലെ പ്രളയത്തില്‍ തകര്‍ന്നത്. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. തകര്‍ന്ന പാലത്തിനു പകരം പരാതിക്കാരന് വീട്ടിലേക്ക് പ്രവേശിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം പുനര്‍ നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഓഗസ്റ്റ് 6 നകം കമ്മീഷനെ അറിയിക്കണം. കേസ് ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.