പെട്ടിമുടി ദുരന്തം; കേന്ദ്ര വാഗ്‌ദാനം വാക്കിലൊതുങ്ങി, 4 വര്‍ഷമായിട്ടും ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം കിട്ടിയില്ല
സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ഉരുൾപൊട്ടൽ ഉണ്ടായിട്ട് വർഷം നാലുകഴിഞ്ഞെങ്കിലും മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ലഭിച്ചിട്ടില്ല.കേരള സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും, തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച മൂന്നുലക്ഷവും ഇരകളുടെ ബന്ധുക്കൾക്ക് നൽകിയിരുന്നു. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി. 2020 ആഗസ്റ്റ് ആറിന് രാത്രിയാണ് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾ തകർന്ന് 70 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തത്.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉരുൾപൊട്ടലിൽ മക്കളായ നിതീഷ് കുമാറിനെയും ദിനേശ് കുമാറിനെയും നഷ്ടപ്പെട്ട ഷൺമുഖനാഥൻ ‘ദി ഹിന്ദു’വിനോട് പറഞ്ഞത്. ‘ കേരള, തമിഴ്‌നാട് സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചു. ആവർത്തിച്ച് ശ്രമിച്ചിട്ടും കേന്ദ്രർസക്കാർ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചില്ല’അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന് പിന്നാലെ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചശേഷവും ദിനേശ് കുമാറിനായി ഷൺമുഖനാഥൻ ഒറ്റയ്ക്ക് സ്വന്തം നിലയിൽ തെരച്ചിൽ നടത്തിയിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു തെരച്ചിൽ. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. മൂന്നാറിൽ താമസിച്ചിരുന്ന ഷൺമുഖത്തിന്റെ മക്കൾ പെട്ടിമുടിയിലുള്ള വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ദുരന്തം.
പെട്ടിമുടി സ്വദേശിയായ റെജിമോന് അമ്മ ചന്ദ്രികയെയും സഹോദരന്റെ മകൾ അഞ്ജുമോളെയുമാണ് ദുരന്തത്തിൽ നഷ്ടമായത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റെജിമോനും പറയുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ അഞ്ജുമോൾ അമ്മൂമ്മ ചന്ദ്രികയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കേന്ദ്രസർക്കാർ ദുരന്തത്തിനിരയായവരുടെ ബന്ധുക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും നൽകിയിരുന്നു എന്നുമാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പക്ഷേ ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
അപകടത്തിൽ നിന്ന് 8 കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കും ദുരന്തത്തിൽ അടുത്ത ബന്ധുക്കൾ നഷ്ടമായവർക്കും കുറ്റ്യാർവാലിയിൽ സർക്കാർ നൽകിയ ഭൂമിയിൽ കണ്ണൻദേവൻ കമ്പനി വീടുവച്ചു നൽകിയെങ്കിലും ഇവരിൽ മിക്കവരും വിവിധ എസ്റ്റേറ്റുകളിലാണ് താമസിക്കുന്നത്.