കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ


കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ.
ജില്ലയിലെ ഉടുമ്പൻച്ചോല,മൂന്നാർ തുടങ്ങീ വിവിധ കൃഷിഭവനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ തയ്യാറാകണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ ഉടുമ്പൻച്ചോല കൃഷി ഭവനിലെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുകയും മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ് നിലവിലുള്ളത്. പലപ്പോഴും ഓഫീസിനകത്ത് ഇഴജെന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഭയപ്പാടോടെയാണ് ജീവനക്കാർ ഓഫീസ് ജോലികൾ നിർവ്വഹിക്കുന്നത്. ഇടുങ്ങിയ മുറികളായി പ്രവർത്തിക്കുന്ന മൂന്നാർ കൃഷിഭവനും അടിസ്ഥാന സൗകര്യം തീരെയില്ലാത്ത സ്ഥിതിയിലാണ് ഓഫീസ് പ്രവർത്തനം മുന്നോട്ട് പോകുന്നത്. ഓഫീസ് സാമഗ്രികളും, നടിൽ വസ്തുക്കൾ അടക്കം സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണ മുറികൾ പല കൃഷി ഭവനുകളിലും ഇല്ലാത്ത അവസ്ഥയാണ്. കർഷകർക്ക് ആശ്രയമാകുന്ന കൃഷിഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ തയ്യാറാകണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എ.ബുഷറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എസ് സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, പ്രസിഡൻ്റ് കെ.എസ് രാഗേഷ്, സെക്രട്ടറിയേറ്റംഗം എം. എസ് ശ്രീകുമാർ, എൻ.എസ് ഇബ്രാഹിം കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.ജിൻസ്, സംസ്ഥാന കമ്മിറ്റിയംഗം എം.ആർ.രതീഷ്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.റ്റി.വിനോദ്, ജോൺസൺ കുരുവിള, അൻസൽന ദിലീപ്, കെ.സന്തോഷ്, സി.എസ് രജനി, തുമ്പി വിശ്വനാഥൻ, സി.എസ് ദയ,വി.സി മനോജ്, എൻ.ഉമേഷ് എന്നിവർ സംസാരിച്ചു.