പാരിസിൽ വന്നിരിക്കുന്നത് ഒമ്പതാം സ്വർണത്തിനായി; ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ്
പാരിസ്: പാരിസിൽ എത്തിയിരിക്കുന്നത് ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ ഒമ്പതാമത്തെ സ്വർണ മെഡലിനുവേണ്ടിയാണെന്ന് ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ്. പാരിസ് ഒളിംപിക്സിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നായകന്റെ പ്രതികരണം. ഓരോ മത്സരത്തിലും വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഹർമ്മൻപ്രീത് സിംഗ് പ്രതികരിച്ചു.
ടൂർണമെന്റിലെ പ്രധാന മത്സരങ്ങൾ ഇനിയാണ് നടക്കാനിരിക്കുന്നത്. ക്വാർട്ടർ ഫൈനലും സെമി ഫൈനലും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ ടീമിന്റെ വിജയത്തിനായി പരമാവധി ശ്രമങ്ങൾ നടത്തുമെന്നും ഹർമ്മൻപ്രീത് സിംഗ് വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യൻ ടീം ക്വാർട്ടറിലേക്ക് മുന്നേറിയത്.
ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ ടീം 52 വർഷങ്ങൾക്ക് ശേഷം വിജയം സ്വന്തമാക്കി. അർജന്റീനയ്ക്കെതിരെ അവസാന മിനിറ്റുകളിൽ സമനില സ്വന്തമാക്കി. അയർലൻഡിനെയും ന്യുസിലൻഡിനെയും മറ്റ് മത്സരങ്ങളിൽ തോൽപ്പിച്ചു. ലോക ഹോക്കി റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തോട് മാത്രമാണ് ഇന്ത്യൻ സംഘം പാരിസ് ഒളിംപിക്സ് ഹോക്കിയിൽ പരാജയപ്പെട്ടത്.