മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം: രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയത്താണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ എന്നിവർക്കെതിരെയാണ് കേസ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചാരണം നടത്തിയതിന് ഒരാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ (40) ആണ് പിടിയിലായിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കിയതായും, ഇത്തരത്തിൽ പോസ്റ്റുകൾ നിർമിക്കുകയും ഷെയർ ചെയ്യുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.