ഹാഥ്റസ് ദുരന്തം: ഭോലെ ബാബയുടെ സഹായിയായ മുഖ്യപ്രതി ദേവപ്രകാശ് മധുകർ അറസ്റ്റിൽ
ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ഉണ്ടായ അപകടത്തിലെ പ്രധാന പ്രതിയും സ്വയം പ്രഖ്യാപിത ആൾ ദൈവമായ ബോലെ ഭാഭയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഹാഥ്റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡൽഹിയിലെത്തി കീഴടങ്ങിയതായി മധുകറിൻ്റെ അഭിഭാഷകൻ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ദേവ് പ്രകാശ് മധുകർ ചികിത്സയിലായിരുന്നതിനാൽ ഡൽഹിയിലെ പൊലീസിനെയും എസ്ഐടിയെയും എസ്ടിഎഫിനെയും വിളിച്ചുവരുത്തിയാണ് കീഴടങ്ങിയതെന്ന് എപി സിംഗ് പറഞ്ഞു. ‘ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്താണ് ഞങ്ങൾ ചെയ്ത കുറ്റം? മധുകർ എഞ്ചിനീയറും ഹൃദ്രോഗിയുമാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിനാൽ അന്വേഷണത്തോട് സഹകരിക്കാനായി കീഴടങ്ങാമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു’വെന്നും എപി സിങ് പറഞ്ഞു.
ഹാഥ്റസ് അപകടം നടന്നതിന് ശേഷം ആൾദൈവം ഭോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 121 പേരാണ് ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭോലെ ബാബയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാൻ സംഘാടകർ രണ്ട് സൈഡിലേക്ക് മാറി വഴിയൊരുക്കുന്നതും സിസിടിവിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
ആയിരക്കണക്കിന് പേരാണ് ഭോലെ ബാബയുടെ സത്സംഘ് പരിപാടിക്കായി ഹാഥ്റസിലെത്തിയിരുന്നത്. പരിപാടി അവസാനിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്കാണെന്നാണ് ദൃക്സാക്ഷിയായ ഗോപാൽ കുമാർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ വിവരം. ബാബ വന്നുപോയ ഹൈവേയുടെ ഒരു ഭാഗം ഭക്തരും വാഹനങ്ങളും കൊണ്ട് ഏറെക്കുറെ സ്തംഭിച്ചിരുന്നുവെന്നും കുമാർ പറഞ്ഞിരുന്നു.
ബാബയുടെ വാഹനം ഹൈവേയിലെത്തിയതോടെ അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി വിശ്വാസികൾ വാഹനത്തിന് പിന്നാലെ പാഞ്ഞു. വാഹനങ്ങൾക്കിടയിൽ പെട്ടുപോകുമെന്നോ അപകടം സംഭവിക്കുമെന്നോ ഓർക്കാതെയാണ് ആളുകൾ വാഹനത്തിനടുത്തേക്ക് പാഞ്ഞത്. ഇതിനിടെ താഴെ വീണവർക്ക് പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും കുമാർ വ്യക്തമാക്കി.
ഇതിനിടെ മരണങ്ങളിൽ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന സംഘാടകരാണ് അറസ്റ്റിലായിരിക്കുന്നത്. ഭോലെ ബാബയുടെ സത്സംഘ് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ ആറ് പേരും. അപകടത്തിൽ 121 പേർ ഇതുവരെ മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ. മുഖ്യപ്രതിയായ പ്രകാശ് മധുകർ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആൾദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്.
പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ അപകടം എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുമെന്നും അലിഖർ മേഖലാ ഐജി ശലഭ് മധുർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്വന്തമായി സംഘാടകത്വം നിർവ്വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പരിപാടി നടന്ന സ്ഥലത്തേക്ക് പൊലീസിനെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.ഹാഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്റാസ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.