ഹൈറേഞ്ചില്‍ എക്‌സൈസ്-വ്യാജ മദ്യലോബി രഹസ്യ ബന്ധം;റെയ്ഡ് വിവരം ചോര്‍ത്തുന്നു
കട്ടപ്പന: ഹൈറേഞ്ച് മേഖലയില്‍ എക്‌സൈസ്-വ്യാജ മദ്യലോബി രഹസ്യ ബന്ധമെന്ന് ആക്ഷേപം. റെയ്ഡുകള്‍ പലതും പ്രഹസനമാണെന്നും ആരോപണമുണ്ട്. ലോക്ക് ഡൗണില്‍ വ്യാജവാറ്റും വില്‍പനയും വര്‍ധിച്ചിരുന്നു. ഈ വര്‍ഷം ആറുമാസത്തിനിടെ പിടികൂടിയത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കേസുകളാണ്. എന്നാല്‍ പലതിലും പ്രതികള്‍ ഇല്ലാത്ത സ്ഥിതിയാണ്. മാത്രമല്ല പിടികൂടിയ കേസുകളില്‍ പലതിലും നിസാര വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുത്തതിനാല്‍ പ്രതികള്‍ ശിക്ഷിക്കപെടാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പലപ്പോഴും റെയ്ഡ് വിവരം ചോര്‍ന്നതിനാല്‍ പ്രതികള്‍ രക്ഷപെടാനും സാഹചര്യം ഉണ്ടായി. കട്ടപ്പന, നരിയംപാറ, കോഴിമല, അഞ്ചുരുളി, കല്യാണത്തണ്ട്, വള്ളക്കടവ്, ഉപ്പുതറ, കണ്ണംപടി തുടങ്ങിയ മേഖലയിലാണ് വ്യാജ മദ്യ ലോബി വിലസുന്നത്. സംസ്ഥാനത്തെ മദ്യ ശാലകള്‍ അടച്ചിട്ടതാണ് വ്യാജ വാറ്റു വര്‍ധിക്കാനിടയാക്കിയത്. ബിവറേജ് കോര്‍പ്പറേഷന്റെ മദ്യ ശാലകള്‍ അടച്ചിട്ടത് സ്ഥിരം മദ്യപാനികളെ വ്യാജ വാറ്റിന് പ്രേരിപ്പിച്ചു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് നെടുങ്കണ്ടം സര്‍ക്കിള്‍ പരിധിയില്‍ 2020-ല്‍ 111 അബ്കാരി കേസുകളും 17 മയക്കുമരുന്ന് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ ഇതുവരെ 95 അബ്കാരി കേസുകളും 21 മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു.
തങ്കമണി ഓഫീസിന്റെ പരിധിയില്‍ 2020-ല്‍ 122 അബ്കാരി കേസുകളും അഞ്ച് മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2021-ല്‍ ഇതുവരെ 66 അബ്കാരി കേസുകളും ആറ് മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. കട്ടപ്പന എക്‌സൈസ് ഓഫീസിന്റെ പരിധിയില്‍ 2020-ല്‍ 62 കേസുകളും ആറു മയക്കുമരുന്ന് കേസുകളും പിടികൂടിയപ്പോള്‍ 2021-ല്‍ ഇതുവരെ 48 അബ്കാരി കേസുകളും 12 മയക്കു മരുന്നു കേസുകളും പിടികൂടി . ഹൈറേഞ്ച് മേഖലയില്‍ വ്യാജ വാറ്റും വില്‍പനയും വര്‍ധിച്ചതായാണ് എക്‌സൈസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും റെയ്ഡ് വിവരം ചോര്‍ന്നതിനാല്‍ പ്രതികളെ പിടികൂടാനാവാത്ത സാഹചര്യമുണ്ട്. ഒരു വിഭാഗം എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പണിയെടുക്കുമ്പോള്‍ അവരെകൂടി അഴിമതിക്കാരാക്കുന്ന നിലയില്‍ റെയ്ഡ് വിവരം ചോര്‍ത്തി നല്‍കുകയും പ്രതികളെ രക്ഷപെടാന്‍ അനുവദിക്കുകയും ചെയ്യുന്ന സമീപനമാണ് ഏതാനും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
റെയ്ഡ് വിവരം ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ വാറ്റുകാര്‍ കൃത്യമായി പടി നല്‍കാറുമുണ്ട്. പുതിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ലയില്‍ ചാര്‍ജ് എടുത്ത സ്ഥിതിക്ക് റെയ്ഡ് വിവരം ചോര്‍ത്തി നല്‍കുകയും വ്യാജ വാറ്റുകാരുടെ സില്‍ബന്ധികളായി വകുപ്പില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. വ്യാജ വാറ്റുകാര്‍ക്ക് റെയ്ഡ് വിവരം ചോര്‍ത്തി നല്‍കുന്ന വകുപ്പിലെ ജീവനക്കാരുടെ ഫോണ്‍കോള്‍ പരിശോധിച്ചാല്‍ ഇത്തരക്കാരെ പിടികൂടാന്‍ കഴിയുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.