രാജസ്ഥാന്‍ സ്വദേശിനിയുടെ ദുരൂഹ മരണം; കേസ് അട്ടിമറിക്കപെടുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി
കുമളി: രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ദുരുഹ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കപെടുക യാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. രാജസ്ഥാന്‍ സ്വദേശിനിയെ കഴിഞ്ഞ നവംബര്‍ ഏഴിന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ടു മാസം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ കുമളി എസ് .ഐ ഉള്‍പടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിലുണ്ടാകുന്ന സര്‍ക്കാര്‍ അലംഭാവമാണ് വാളയാര്‍ പോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം പ്രഹസനമാണ്. ശരിയായ ദിശയിലുള്ള ഉന്നതതല അന്വേഷണം വേണമെന്നും രാജസ്ഥാന്‍ സ്വദേശികള്‍ക്ക് മകളുടെ തൂങ്ങിമരണത്തില്‍ നീതി നിഷേധിക്കരുതെന്നും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.
കുമളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.പി റഹീം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈ.പ്രസിഡന്റ് ബിജു ദാനിയേല്‍ തുടങ്ങിയവര്‍ എം.പിക്കൊപ്പം ഉണ്ടായിരുന്നു.