പുലി ഇറങ്ങിയതായി അഭ്യുഹം;ചെന്നായയെന്ന് വനംവകുപ്പ്
നെടുങ്കണ്ടം: രാമക്കല്‍മേടിന് സമീപം ഇടത്തറമുക്കില്‍ പുലി ഇറങ്ങിയതായി അഭ്യുഹം. പുലിയല്ല ചെന്നായയെന്ന് വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇടത്തറമുക്കിന് സമീപം പുലിയുടേതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയത്. പുതിയതായി മണ്ണെടുത്തിട്ട സ്ഥലത്താണ് കാല്‍പ്പാട് കണ്ടെത്തിയത്. ഇടത്തറമുക്കില്‍ നിന്നും കമ്പംമെട്ടിലേക്ക് വാഹനവുമായി പോകുന്നതിനിടെ രണ്ടുപേര്‍ പുലിയെ കണ്ടെന്ന് പറഞ്ഞതോടെ നാട്ടുകാരും ആശങ്കയിലായി.
തുടര്‍ന്ന് പഞ്ചായത്ത് അംഗം പി.ആര്‍.ബിനു വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് പുളിയന്‍മല ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പാദത്തിന്റെ ചിത്രം ശേഖരിച്ച് പരിശോധന നടത്തും. പുലിയുടെ കാല്‍പാദമല്ല ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട് വനാതിര്‍ത്തിയാണിത്.
വനത്തില്‍ നിന്നും എത്തിയ ചെന്നായയുടെ കാല്‍പാദമാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.