പൂഞ്ഞാർ സംഭവം ദൗർഭാഗ്യകരം : മാർ ജോൺ നെല്ലിക്കുന്നേൽ


പൂഞ്ഞാർ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരിയെ പള്ളിമുറ്റത്ത് വച്ച് അപായപ്പെടുത്താൻ ശ്രമിച്ച നടപടി അത്യന്തം ദൗർഭാഗ്യകരമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പാറത്തോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവാലയത്തിൽ വിശ്വാസ സമൂഹം ആരാധന നടത്തിക്കൊണ്ടിരിക്കുമ്പോൾ അനധികൃതമായി ദേവാലയ മുറ്റത്ത് കടന്നുകയറി അലങ്കോല സൃഷ്ടിക്കുകയും അത് തടയാൻ ശ്രമിച്ച വൈദികനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം ദൗർഭാഗ്യകരവും പ്രതിഷേധാർഹവും ആണ്. യാദൃശ്ചികമായി സംഭവിച്ച ഒറ്റപ്പെട്ട സംഭവമായി പൂഞ്ഞാറിലെ അക്രമ സംഭവത്തെ കാണാൻ കഴിയുകയില്ല. കഴിഞ്ഞ കുറെ കാലങ്ങളായി പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്ന സംഭവങ്ങൾ രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങളെഅപചയപ്പെടുത്തുന്നവയാണ്. ഏതൊരു വിശ്വാസ സമൂഹത്തിനും അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ഭരണഘടന അനുവദിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള ജാഗ്രത ഭരണകൂടങ്ങൾ പുലർത്തേണ്ടതാണ്. എല്ലാ മതകളും മതവിശ്വാസികളും പരസ്പര ബഹുമാനത്തോടുകൂടി വർദ്ധിക്കേണ്ട നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും അവരുടെ ആരാധനാസ്വാതന്ത്ര്യവും ഹനിക്കുകയും ചെയ്യുന്ന നടപടി വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എമ്പാടും വിശേഷിച്ച് മലയോര ജില്ലകളിൽ അനുദിനം വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണവും തൽഫലമായി ജനങ്ങളിൽ ഉണ്ടായിട്ടുള്ള ഭയവും ആശങ്കകളും കാർഷിക മേഖലകളിലെ പ്രതിസന്ധികളും ഭരണാധികാരികൾ വേണ്ടത്ര ഗൗരവമായി പരിഗണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ കൊലചെയ്യപ്പെടുന്നവരുടെയും തകർന്ന തരിപ്പണമാകുന്ന കുടുംബങ്ങളുടെയും എണ്ണം സമൂഹ മനസാക്ഷിയെ ഭയപ്പെടുത്തുന്ന വിധം വർദ്ധിച്ചു വരികയാണ്. കർഷകർക്ക് അർഹമായ സുരക്ഷയും ഇരകൾക്ക് സാമ്പത്തിക സഹായങ്ങളും നൽകുന്നതിൽ പരാജയപ്പെടുന്ന ഭരണകൂട നിലപാടുകൾ പ്രതിഷേധാർഹമാണ് ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥയും പൊള്ളയായ വാഗ്ദാനങ്ങളും അവസാനിപ്പിച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയും ചെയ്ത് ജന പക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡണ്ട് ജോർജ് കോയിക്കൽ അവതരിപ്പിച്ച പ്രതിഷേധ പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. പാറത്തോട് ടൗണിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ രൂപത വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിച്ചു. ഫാ.തോമസ് പഞ്ഞിക്കുന്നേൽ,ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, ഫാ.ജോസ് നരിതൂക്കിൽ, ഫാ.ജോർജ് തകിടിയേൽ, ഫാ.ജോസഫ് തച്ചുകുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ജെറിൻ ജെ. പട്ടാംകുളം, ഷാജി വൈക്കത്തുപറമ്പിൽ, സോജൻ ഊന്ന നാൽ, സണ്ണി പാറക്കൽ, പോൾ തട്ടാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.