അടിമാലിയില്‍ കോവിഡ് ബാധിതർ വർധിക്കുന്നു
അടിമാലി: അടിമാലിയില്‍ ദിവസവും 30നുമുകളില്‍ പ്രതിദിന കോവിഡ് പോസിറ്റിവ് ബാധിതർ റിപ്പോർട്ട് ചെയ്യുന്നു. ചില ദിവസങ്ങളില്‍ 50നടുത്താണ്. കഴിഞ്ഞ മൂന്നാഴ്ചയായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്തായി അടിമാലി മാറി. വെള്ളിയാഴ്ച 14.5 ആണ് ടി.പി.ആര്‍. ലോക്ഡൗൺ സമയത്ത് ഒമ്പതിലും താഴ്ന്ന ടി.പി.ആറാണ് ഇപ്പോള്‍ വർധിച്ചുവരുന്നത്. ഈ മാസം ആദ്യയാഴ്ചയിലെ ശരാശരി കണക്കില്‍ 14.10 ആണ് അടിമാലിയിലെ ടി.പി.ആര്‍. അതിനുമുമ്പുള്ള ആഴ്ചയില്‍ 11.9 ആയിരുന്നു. സമ്പൂര്‍ണ ലോക്ഡൗൺ ആകുന്ന ഡി കാറ്റഗറി വാര്‍ഡുകളുടെ എണ്ണവും കൂടി.
ഒന്നാംവാര്‍ഡായ പഴമ്പിള്ളിച്ചാലിലാണ് സ്ഥിതി ആശങ്കജനകം. കോവിഡ് പരിശോധന വർധിപ്പിക്കാത്തതാണ് ടി.പി.ആര്‍ ഉയര്‍ന്നുനില്‍ക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ജില്ല ഭരണകൂടം നിര്‍ദേശിച്ച രീതിയില്‍ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. വാര്‍ഡിൻെറ ഏതെങ്കിലും ഒരുഭാഗത്ത് പരിശോധന ഒതുങ്ങരുതെന്നും വിവിധ കോണുകളിലെത്തി സാമ്പിളെടുക്കണമെന്നുമായിരുന്നു കോവിഡ് സെല്‍ യോഗം ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്തരം നിര്‍ദേശങ്ങളൊന്നും നടപ്പാക്കുന്നില്ല. ഏതെങ്കിലും ഒരുഭാഗത്ത് കുറച്ചുപേരുടെ സാമ്പിളെടുത്ത് കണക്ക് കാണിക്കുമ്പോള്‍, ടി.പി.ആര്‍ സംവിധാനത്തെയും അത് ബാധിക്കുന്നു. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ ടി.പി.ആര്‍ കുറയുകയും മറ്റിടങ്ങളില്‍ ഇത് കൂടുകയും ചെയ്യുന്ന അശാസ്ത്രീയതയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍തന്നെ സമ്മതിക്കുന്നു. രണ്ടാം ഡോസിനായി ആളുകൾ കാത്തിരിക്കുകയാണ്.
കോവിഷീല്‍ഡാണ് കുത്തിെവച്ചതെങ്കില് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കണം. എന്നാല്‍, 100 ദിവസവും അതിനുമുകളിലുമായവര്‍ക്കും രണ്ടാം ഡോസ് കിട്ടുന്നില്ല.