പൂപ്പാറ പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള പുറമ്പോക്ക് ഭൂമിയിൽ പാറഖനനം:എതിർപ്പുമായി നാട്ടുകാർ രംഗത്ത്
പൂപ്പാറ∙ പന്നിയാർ പുഴയുടെ തീരത്തെ പാറ ഖനനത്തിൽ എതിർപ്പുമായി നാട്ടുകാർ രംഗത്ത്. പൂപ്പാറ പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് സ്വകാര്യ വ്യക്തികൾ പാറ പൊട്ടിക്കുന്നത്. കയ്യേറ്റം മൂലം പൂപ്പാറ ടൗണിന്റെ മധ്യഭാഗത്തു കൂടിയൊഴുകുന്ന പന്നിയാർ പുഴയുടെ വീതി കുറഞ്ഞു വരുകയാണെന്ന് ജനപ്രതിനിധികൾ പറയുന്നു. പാറ ഖനനത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാറ പൊട്ടിച്ചു നീക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു.
പാറ പൊട്ടിക്കാനാരംഭിച്ചപ്പോൾ പൂപ്പാറ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്ന് സ്വകാര്യ വ്യക്തികൾ താലൂക്ക് ഓഫിസിൽ അപേക്ഷ നൽകി. രാസവസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കാനും പൊട്ടിച്ചെടുത്ത പാറ ഇവിടെ തന്നെ നിർമാണത്തിന് ഉപയോഗിക്കണമെന്നും ഭൂരേഖ തഹസിൽദാർ നൽകിയ അനുവാദത്തിന്റെ അടിസ്ഥാനത്തിലാണ് പാറ ഖനനം നടത്തുന്നതെന്ന് പൂപ്പാറ വില്ലേജ് ഓഫിസർ പറഞ്ഞു.
എന്നാൽ ഖനന പ്രവർത്തനങ്ങൾക്ക് മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ അനുമതി ആവശ്യമാണെന്നും പുഴയുടെയും റോഡിന്റെയും പുറമ്പോക്ക് ഭാഗങ്ങളിൽ ഖനനം വിലക്കിയിട്ടുള്ളതാണെന്നും റവന്യു വകുപ്പിന് പരാതി നൽകിയ പൊതുപ്രവർത്തകർ പറയുന്നു.