സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും


സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിന്‍വലിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം, കേരള തീരത്തും തമിഴ്നാട് തീരത്തും 12 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.