തമിഴ്‌നാട് അതിര്‍ത്തി തുറന്നതോടെ യാചകരെത്തുന്നു;സാംക്രമിക രോഗ ഭീഷണിയില്‍ കുമളി
കുമളി: തമിഴ്‌നാട് അതിര്‍ത്തി തുറന്നതോടെ ലോക്ഡൗണ്‍ ഇടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ഭിക്ഷാടകര്‍ വിണ്ടും എത്തി തുടങ്ങി. ലോക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അഞ്ചിനാണ് തമിഴ്‌നാട്ടില്‍ നിന്ന് കുമളിയിലേക്ക് ബസ് സര്‍വീസ് പുന:രാരംഭിച്ചത്. ഇതോടെ യാചകരുടെ ഒഴുക്കാണ് കേരളത്തിലേക്ക്. കുമളി, വണ്ടിപെരിയാര്‍, അണക്കര, മുണ്ടക്കയം പ്രദേശങ്ങളിലെല്ലാം യാചകര്‍ എത്തി തുടങ്ങി. ഇവരാരും വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നതാണ് വസ്തുത.
അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ പോലീസിന്റെ കണ്‍മുന്നിലൂടെയാണ് യാചകര്‍ അതിര്‍ത്തി കടന്നെത്തുന്നത്. യാത്രാ സ്വാതന്ത്യം തടയരുതെന്നത് ചൂണ്ടികാട്ടിയാണ് പോലിസ് ഇവരെ തടയാത്തത്. പത്തും പതിനഞ്ചും ഭിക്ഷാടകരാണ് ദിവസവും അതിര്‍ത്തിക്കിപ്പുറമെത്തി ഭിക്ഷ യാചിക്കുന്നത്. കുമളി ഗ്രാമ പഞ്ചായത്തിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണങ്കിലും നിയമം നടപ്പാക്കുന്നില്ലായെന്നതാണ് പരാതി. പലവിധ
സാംക്രമിക രോഗങ്ങളുമായാണ് ഭിക്ഷാടകര്‍ എത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ നിയമപാലകരോ, പഞ്ചായത്തധികാരികളോ രംഗത്ത് വരാറില്ല.