കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയിഡ്; ക്രമക്കേടുകള്‍ കണ്ടെത്തി
കുമളി: അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. കുമളി അതിര്‍ത്തിയിലെ വാണിജ്യ നികുതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ എം.വി.ഐ. ഓഫിസിലും മൃഗസംരക്ഷണ വകുപ്പിന്റെ റിന്റര്‍ പ്രസ്റ്റ് ഓഫിസിലുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി 11നാരംഭിച്ച പരിശോധന പുലര്‍ച്ചെ നാല് വരെ നീണ്ടു. എം.വി.ഐ. ഓഫിസിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന പാചകപുരയില്‍ നിന്ന 4500 രൂപയും കണ്ടെത്തിയിട്ടുണ്ട്.
ഈ പണം ആരുടേതാണെന്നോ, പാചകപ്പുരയില്‍ എങ്ങനെ എത്തിയെന്നോ വിവരമില്ല. അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഇടക്കിടെ നടത്താറുള്ള വിജിലന്‍സ് പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇന്നലത്തെ പരിശോധന. ശമ്പരിമല സീസണില്‍ ദിവസം രണ്ടു ലക്ഷത്തോളം രൂപയാണ് വാഹന നികുതി ഇനത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ എം.വി.ഐ. ഓഫീസില്‍ ലഭിക്കുന്നത്. ഈ സമയങ്ങളില്‍ വിജിലന്‍സ് പരിശോധനകള്‍ കുറവാണ്. കോവിഡ്, ലോക് ഡൗണ്‍ കാലയളവില്‍ വരുമാനം ശരാശരി 25,000ത്തില്‍ താഴെയായി കുറഞ്ഞു. നിത്യേന മൂന്നു ഷിഫ്റ്റുകളിലായി എം.വി.ഐ. ഉള്‍പെടെ ഏഴ് ജീവനക്കാരാണ് അതിര്‍ത്തിയിലെ മോട്ടോ വാഹന വകുപ്പിന്റെ ഓഫീസിലുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ ഓഫിസില്‍ നടന്ന പരിശോധനയില്‍ ടി.ആര്‍. അഞ്ച് രസീതുകളില്‍ മേലുദ്യോഗസ്ഥന്‍ ഒപ്പിട്ടിരുന്നില്ലായെന്ന് കണ്ടെത്തി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും അറവു മാടുകളെയും വളര്‍ത്തു മൃഗങ്ങളെയും കൊണ്ടുവരുമ്പോള്‍ ഈ ചെക്ക് പോസ്റ്റില്‍ ഫീസ് അടക്കേണ്ടതുണ്ട്. ഇതിന്റെ രസീതില്‍ മേലുദ്യോഗസ്ഥനായ ഫില്‍ഡ് ഓഫിസറും, ലൈവ് സേ്റ്റാക്ക് ഇന്‍സ്‌പെക്ടറും ഒപ്പിടണമെന്നാണ് നിയമം. എന്നാല്‍ വൈകിട്ട് അഞ്ച് കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥനായ ഫീല്‍ഡ് ഓഫിസറുടെ ഡ്യൂട്ടി കഴിയും. പിന്നിട് നടക്കുന്ന ഇടപാടുകളുടെ രസീതുകള്‍ പിറ്റേന്ന് മേലുദ്യോഗസ്ഥന്‍ എത്തി ഒപ്പിടുകയാണ് പതിവ്.