കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് 5 മാസമാകാറായിട്ടും പ്രവർത്തനം ആരംഭിക്കാൻ നടപടിയില്ല
കട്ടപ്പന∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് 5 മാസമാകാറായിട്ടും പ്രവർത്തനം ആരംഭിക്കാൻ നടപടിയില്ല. ഇനിയും ജോലികൾ ബാക്കിയുള്ളതാണു കാരണം. ഫെബ്രുവരി 16ന് അന്നത്തെ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം നിർവഹിച്ചത്.
പണികൾ പൂർത്തിയാകുന്നതിനു മുൻപ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഉദ്ഘാടനം നടത്തുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.3.6 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടവും യൂണിറ്റും നിർമിച്ചിരിക്കുന്നത്. 10 കിടക്കകളാണുള്ളത്. 40 രോഗികൾക്കു കിടത്തിച്ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന വാർഡും ക്രമീകരിച്ചിട്ടുണ്ട്.
യുപിഎസ് സ്ഥാപിക്കൽ വൈകുന്നു
ശുചിമുറി ടാങ്കിന്റെ നിർമാണം ഇഴഞ്ഞതാണ് ആദ്യഘട്ടത്തിൽ തടസ്സം സൃഷ്ടിച്ചത്. അതിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ യുപിഎസ് ലഭ്യമാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ശുചിമുറി ടാങ്കിന്റെ വലുപ്പം കുറവാണെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് അൽപം കൂടി കൂട്ടിയിട്ടുണ്ടെങ്കിലും ആവശ്യമായ വലുപ്പം ഉണ്ടോയെന്ന സംശയം ഇപ്പോഴുമുണ്ട്.
ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി കൂടുതൽ ജലം ആവശ്യമായതിനാൽ ഒരു കുഴൽക്കിണർ കൂടി നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പണികൾ പൂർത്തിയാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വേനൽക്കാലത്തു മാത്രമേ ജലലഭ്യത കുറയൂവെന്നാണ് വിലയിരുത്തൽ.
നടപടികൾ ഇനിയും ബാക്കി
ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കാനുള്ള നടപടിയും സ്വീകരിക്കണം. യുപിഎസ് ഉടൻ എത്തിക്കുമെന്നു കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനുശേഷം ട്രയൽ റൺ നടത്തിയിട്ടേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാനാകൂ.ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള റോഡിന്റെ ദൂരം വർധിപ്പിക്കാനും ഇവിടെയുള്ള ഷെഡിന്റെ വലുപ്പം കൂട്ടാനും മറ്റുമായി കലക്ടർ ഇടപെട്ടു കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതിന്റെ പണികളും പൂർത്തിയാക്കേണ്ടതുണ്ട്.