മകന് പഠനത്തിന് ഫോൺ നൽകി ജോലിക്കുപോയി കട്ടപ്പനയിലെ അമ്മ ; തിരിച്ചെത്തുമ്പോൾ കണ്ടത് ചേതനയറ്റ ശരീരം; ഒാൺലൈൻ ഗെയിം എന്ന ചതിക്കുഴി
ഓൺലൈൻ പഠനത്തിന് വേണ്ടി മകന് മൊബൈൽ നൽകി ജോലിക്ക് പോയ കട്ടപ്പനയിലെ അമ്മ, തിരിച്ചെത്തുമ്പോൾ മകന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങളായി ഫ്രീ ഫയർ എന്ന സർവൈവർ ഗെയിമിന്റെ മായിക ലോകത്തായിരുന്ന ഗർഷോം എന്ന ഈ പതിനാലുകാരനാണു കഴിഞ്ഞ ആഴ്ച വിടപറഞ്ഞത്. പഠനത്തിനായി മൊബൈൽഫോണുകൾ കുട്ടികളുടെ നിയന്ത്രണത്തിലായപ്പോൾ ഗെയിമിന്റെ മായിക ലോകത്തിൽനിന്നു കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കളും അധ്യാപകരും കൂടുതൽ ജാഗ്രത പുലർത്തണ്ടേത് അത്യാവശ്യമായിരിക്കുകയാണ്.
ഗെയിമിന് അടിമകളാക്കുന്ന കോവിഡ് കാലം
കോവിഡ് കാലഘട്ടത്തിൽ സമപ്രായക്കാരുമായി ഇടപെടലുകൾ കുറഞ്ഞതും മറ്റു സാമൂഹിക സമ്പർക്കം കുറഞ്ഞതുമാണ് ഗെയിം അഡിക്‌ഷനിലേക്കു കുട്ടികൾ വഴുതിവീഴാനുള്ള പ്രധാന കാരണം. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്നതും ഗെയിമുകൾക്ക് അടിമപ്പെടുന്നതും ആത്മഹത്യയിലേക്കും മറ്റു ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും കുട്ടികളെ തള്ളി വിടുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ടു വർധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആധുനിക വൈദ്യശാസ്ത്രം വളരെ ഗൗരവമായി തന്നെയാണു നോക്കി കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഡിസീസിൽ ‘ഗെയിമിങ് ഡിസോഡർ’ എന്ന് ഉൾപ്പെടുത്തുകയും ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾക്ക് പദ്ധതി തയാറാക്കുകയും ചെയ്തിട്ടുണ്ട്.
എന്താണു ഗെയിമിങ് ഡിസോഡർ?
ഒരു വ്യക്തിഅനിയന്ത്രിതമായി വിഡിയോ ഗെയിമിങ് അല്ലെങ്കിൽ ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടുകയും അത് ആ വ്യക്തിയുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികപരവും വിദ്യാഭ്യാസപരവും ജോലി സംബന്ധവുമായുള്ള പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ഒരു ഗെയിമിങ് ഡിസോഡറായി കണക്കാക്കാം.
സർവൈവൽ ഗെയിം അതീവ അപകടം
കുട്ടികൾക്കിടയിൽ കഴിഞ്ഞ കാലങ്ങളിൽ ഏറെ പ്രചാരമുള്ള ഗെയിമുകളാണു സർവൈവൽ ഗെയിമുകൾ. ഗെയിമിലെ സാങ്കൽപിക ലോകത്തിലേക്കായിരിക്കും കുട്ടികൾ എത്തുന്നത്. വെടിവയ്പ്പിലൂടെ വിജയിച്ചു മുന്നേറുന്നവരായിരിക്കും ഗെയിമുകളിൽ വിജയിക്കുന്നത്. തീർത്തും അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ഈ ഗെയിമുകൾ.
കുട്ടികളുടെ മാനസിക നിലയെ സ്വാധീനിക്കുന്ന തലത്തിലേക്കു ഗെയിമുകൾ നീങ്ങുന്നതോടെ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് ഇവരെത്തുന്നു. 2019ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീഫയർ എന്ന ഗെയിമാണു കട്ടപ്പന സ്വദേശി ഗർഷോം കളിച്ചത്. പബ്ജിയുടെ നിരോധനത്തോടെയാണു ഫ്രീ ഫയർ കളം പിടിച്ചത്.
രോഗ ലക്ഷണങ്ങൾ
∙ എപ്പോഴും ഗെയിമിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുക
∙ ഗെയിം കളിക്കാതിരിക്കുന്ന സന്ദർഭത്തിൽ അസ്വസ്ഥത തോന്നുക.
∙ കൂടുതൽ സമയം ഗെയിം കളിക്കാനുള്ള ആഗ്രഹമുണ്ടാവുക.
∙ ഗെയിം കളിക്കുന്നതിനിടയിൽ തടസ്സമുണ്ടായാൽ വെപ്രാളമുണ്ടാവുക, മറ്റു അസ്വസ്ഥതകൾ കാണിക്കുക, മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.
∙ പഠന സംബന്ധമായും ജോലി സംബന്ധമായും പ്രശ്നങ്ങൾ നേരിടുക.
ശാരീരിക പ്രശ്നങ്ങൾ
∙ കാഴ്ച ശക്തി കുറഞ്ഞു വരിക
∙ കഴുത്ത് വേദന, തലവേദന, ക്ഷീണം
∙ അമിതവണ്ണം, വിശപ്പില്ലായ്മ
∙ മറ്റു ജീവിത ശൈലി രോഗങ്ങൾ
മാനസിക പ്രശ്നങ്ങൾ
∙ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
∙ അലസത, ഉത്കണ്ഠ
രോഗങ്ങൾ
∙ വിഷാദ രോഗം
∙ പഠനത്തിലെ പിന്നാക്കാവസ്ഥ
∙ ഉറക്ക പ്രശ്നങ്ങൾ, ദേഷ്യം
∙ അകാരണമായ ഭയം
എങ്ങനെ തടയാം
∙ കുട്ടികൾക്ക് ആവശ്യത്തിനു മാത്രം മൊബൈൽ ഫോൺ കൊടുക്കുക.
∙ സാമൂഹികമായ ഇടപെടലുകൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും പ്രേരണ നൽകുക.
∙ അസ്വാഭാവികമായ പെരുമാറ്റങ്ങൾ കണ്ടാൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക.
∙ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും ഇന്റർനെറ്റ് ഡിഅഡിക്‌ഷൻ സെന്ററുകൾ തുടങ്ങുക.